എലി നുഴഞ്ഞുകയറി: വിമാനസര്‍വ്വീസ് മുടങ്ങി
കരിപ്പൂര്‍: എലി കയറിയതിനെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസ് മുടങ്ങി.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2.05ന് കോഴിക്കോട്ടുനിന്നും റിയാദിലേയ്‌ക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യയുടെ ബോയിങ് 747 400 വിമാനത്തിലാണ് സുരക്ഷാ നിയമങ്ങള്‍ മറികടന്ന് എലി നുഴഞ്ഞുകയറിയത്.
വിമാനം പുറപ്പെടുന്നതിന് മുമ്പ് എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് എലിയെ കണ്ടത്. തുടര്‍ന്ന് എയര്‍ലൈന്‍, വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. ഈ സമയം റിയാദിലേയ്‌ക്കുള്ള 412 യാത്രക്കാരുടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞിരുന്നു.
എലിയെ പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വ്യോമയാന നിയമപ്രകാരം വിമാനം റദ്ദാക്കുകയായിരുന്നു.
എലിയെ വിമാനത്തില്‍ നിന്നും ഒഴിവാക്കാന്‍ ഫ്യൂമിഗേഷന്‍ നടത്തുന്നതിനായി കോഴിക്കോട്ടുനിന്നും കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അധികൃതര്‍ വൈകുന്നേരം എത്തിയെങ്കിലും സജ്ജീകരണങ്ങള്‍ കുറവായതിനാല്‍ നടന്നില്ല. പിന്നീട് കൊച്ചിയില്‍ നിന്നും അധികൃതര്‍ എത്തി നടപടികള്‍ തുടങ്ങി.
ഫ്യൂമിഗേഷന്‍ ചെയ്‌ത് 12 മണിക്കൂര്‍ വിമാനം അടച്ചിടേണ്ടതുണ്ട്. വിമാനം റദ്ദാക്കിയതറിഞ്ഞ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കി. രാജ്യാന്തര വ്യോമയാന നിയമപ്രകാരം വിനാനം സര്‍വ്വീസ് നടത്തുന്നതിന് മുമ്പ് വിദഗ്‌ധ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
യാത്രക്കാരില്‍ വീസാ കാലാവധി തീരുന്നവരെ വിമാനത്താവള അധികൃതര്‍ മറ്റൊരു വിമാനത്തില്‍ അയച്ചു. ശേഷിക്കുന്നവരില്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരെ വീട്ടിലേയ്‌ക്കയയ്‌ക്കുകയും മറ്റുള്ളവരെ ഹോട്ടലുകളില്‍ താമസിപ്പിക്കുകയും ചെയ്‌തു.
കരിപ്പൂരില്‍ ഇതാദ്യമായല്ല എലി വിമാനസര്‍വ്വീസ് മുടക്കുന്നത്. മുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരിയെ എലി കടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications