ചെങ്ങറ സമരം ഒത്തുതീര്‍ന്നു

1432 കുടംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ ചെങ്ങറ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമരം ഒത്തുതീര്‍ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് അംഗീകരിയ്‌ക്കുന്നതായി സമരസമിതി നേതാവ് ളാഹ ഗോപാലനും പറഞ്ഞു.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കറും, ഒന്നേകാല്‍ ലക്ഷം രൂപയുടെ വീടും, പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര ഏക്കറും, ഒരു ലക്ഷം രൂപയുടെയും വീട് നിര്‍മ്മിച്ചു നല്‍കും. മറ്റുള്ള കുടുംബങ്ങള്‍ക്ക് 75,000 രൂപയുടെ വീടാണ് നല്‍കാനും പാക്കേജില്‍ ധാരണയായിട്ടുണ്ട്. അതേ സമയം അഞ്ച് സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവരെ ഭൂമി നല്‍കുന്ന പാക്കേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സമരവുമായി ബന്ധപ്പെട്ട് ചെങ്ങറയില്‍ 1738 കുടുംബങ്ങളാണ് കുടിയേറിയത്. ഇതില്‍ അഞ്ച് മുതല്‍ പത്ത് സെന്റ് വരെ 199 പേര്‍ ചെങ്ങറയിലുണ്ട്. 25 സെന്റ് വരെയുള്ള 92 പേരും അതില്‍ കൂടുതല്‍ ഭൂമിയുള്ള 15 കുടുംബങ്ങളും ഇവിടെയുണ്ട്. ഒരു സെന്റ് പോലും ഭൂമിയില്ലാത്ത 907 പേരാണ് ഇവിടെയുള്ളത്.
സമരവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്ന സമരസമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സമരഭൂമിയില്‍ മരിച്ച 13 പേരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. എന്നാല്‍ ഇവര്‍ക്ക് എത്ര തുകയാണ് നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
മൂന്നു മാസത്തിനകം പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെങ്ങറ സമരഭൂമിയില്‍ സര്‍വ്വെ നടത്തി തോട്ടമുടമകള്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന എല്ലാ ഭൂമിയും പിടിച്ചെടുക്കുമെന്നും കേസും മറ്റ് കാര്യങ്ങളും ഇതിന്റെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരം അവസാനിപ്പിയ്‌ക്കുകയാണെന്നും എന്നാല്‍ ഭൂമി കിട്ടുന്ന മുറയ്‌ക്ക് മാത്രമേ ചെങ്ങറ എസ്റ്റേറ്റില്‍ നിന്ന് ഒഴിയുകയുള്ളുവെന്നും ചെങ്ങറ സമരസമിതി നേതാവ് ളാഹ ഗോപാലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. മന്ത്രിമാരായ എകെ ബാലന്‍, കെ.പി രാജേന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications