എച്ചില്‍ സ്വീകരിക്കുന്നു: ളാഹ ഗോപാലന്‍
തിരുവനന്തപുരം: അധികാരത്തിന്റെ കീരിടവും ചെങ്കോലുമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ എച്ചിലും വാങ്ങി സമരം അവസാനിപ്പിയ്‌ക്കുകയാണെന്ന് ചെങ്ങറ സാധുജന സംയുക്ത വേദി കണ്‍വീനര്‍ ളാഹ ഗോപാലന്‍. സമരം ഒത്തുതീര്‍ക്കാനായി തിങ്കളാഴ്‌ച രാവിലെ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, റവന്യു മന്ത്രി കെപി രാജേന്ദ്രന്‍, വനംമന്ത്രി ബിനോയ് വിശ്വം, പട്ടികജാതി മന്ത്രി പി ബാലന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി തുങ്ങിയവരെ സാക്ഷിയാക്കിയാണ് വികാരവിവശനായി ളാഹ ഗോപാലന്‍ തുറന്നടിച്ചത്.
പട്ടികജാതിക്കാര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയിലൂടെ സിപിഎമ്മിന് ആ സമുദായത്തോടുള്ള സമീപനമാണ് വെളിപ്പെടുന്നത്,. നാരായണ പണിക്കരോടോ വെള്ളാപ്പള്ളി നടേശനോടോ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഈ നിലപാടാണോ കൈക്കൊള്ളുകയെന്നും ളാഹ ഗോപാലന്‍ ചോദിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ളാഹ ഗോപാലന്‍ ഇറങ്ങിപ്പോയി.
ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് മുട്ടുശാന്തി മാത്രമാണ്. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തന്റെ ജീവന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സമരം നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ബന്ധിതമായിരിയ്‌ക്കുകയാണെന്ന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് ളാഹാ ഗോപാലന്‍ പറഞ്ഞു. സമരക്കാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കി മറ്റൊരു നന്ദിഗ്രാം സൃഷ്ടിയ്‌ക്കാനാണ് സിപിഎം ശ്രമിച്ചത്. അതുണ്ടാകാതിരിയ്‌ക്കാനാണ് സമരത്തില്‍ നിന്നും വാങ്ങുന്നത്. ഭൂമിയേക്കാള്‍ വലുതാണ് ജീവന്‍. ഹാരിസണ്‍ എസ്റ്റേറ്റ് അളന്നതിനുശേഷം കൂടുതല്‍ ഭൂമി ഉണ്ടെന്ന്‌് കണ്ടെത്തിയാല്‍ അതിനായി സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരം വിജയമല്ലെന്നും പട്ടിക ജാതിക്കാര്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ തടസ്സമായത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും ളാഹ ഗോപാലന്‍ ആരോപിച്ചു.












Click it and Unblock the Notifications