സ്വത്ത് :ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദില്ലി ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ സുപ്രീം കോടതി അപ്പീല്‍ സമര്‍പ്പിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നത് പൊതുപദവിയാണെന്നും അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
അതേ സമയം ചീഫ് ജസ്റ്റിസിന്റെ പദവി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന നിലപാടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ സ്വീകരിച്ചിരിയ്‌ക്കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തത്. അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കേണ്ടത്.
ജഡ്‌ജിമാരുടെ സ്വത്തുവിവരം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നേരത്തേ തീരുമാനിച്ചിരുന്നു. അതിനിടെ തങ്ങളുടെ എല്ലാ സിറ്റിങ് ജഡ്‌ജിമാരും ചീഫ് ജസ്റ്റിസിന് മുന്നില്‍ സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം സ്വത്തുവിവരം ആവശ്യപ്പെട്ട സുഭാഷ് ചന്ദ്ര അഗര്‍വാളിന് അയച്ച ഫാക്‌സ് സന്ദേശത്തിലാണ് ഇക്കാര്യം അവര്‍ അറിയിച്ചത്.
സ്വത്ത് വിവരങ്ങള്‍ കൈമാറാന്‍ സുപ്രീംകോടതി രജിസ്‌ട്രി നേരത്തേ താത്‌പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സുപ്രീംകോടതി രജിസ്‌ട്രിയുടെ നിലപാട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തള്ളിക്കളയുകയും വിവരങ്ങള്‍ നല്‍കാന്‍ രജിസ്‌ട്രിയോട് ആവശ്യപ്പെടുകയുമുണ്ടായി. ഹൈക്കോടതി വിവരാവകാശ കമ്മീഷന്റെ നിലപാട് ശരിവെയ്‌ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications