ക്രൈംബ്രാഞ്ച് മര്‍ദ്ദിച്ചെന്ന് ബോട്ട് ഡ്രൈവര്‍
പീരുമേട്: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ജലകന്യക ബോട്ടിന്റെ ഡ്രൈവറെയും ലാസ്‌കറെയും കോടതി റിമാന്റ് ചെയ്‌തു.
ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍(40), ലാസ്‌കര്‍ അനീഷ്(30) എന്നിവരെയാണ് പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കെ.പി ജോയി 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തത്.
തിങ്കളാഴ്‌ച കാലത്ത് അറസ്‌റ്റുചെയ്‌ത പ്രതികളെ തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെയാണ് ക്രൈംബ്രാഞ്ച് കോടതിയിലെത്തിച്ചത്. അരമണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്ക് ശേഷം ഇവരെ റിമാന്റ് ചെയ്‌തു.
കെടിഡിസി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ബോട്ടില്‍ കൂടുതല്‍പ്പേരെ കയറ്റിയതെന്ന ഡ്രൈവറുടെ മൊഴി കെടിഡിസിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തന്നെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും വിക്ടര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ബോട്ടിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും വിക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത നരഹത്യയ്‌ക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
സഞ്ചാരികള്‍ പെട്ടെന്ന് ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു വിക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ബോട്ട് പെട്ടെന്ന് വലത്തോട്ട് തിരിച്ചതും അപകടത്തിന് കാരണമായെന്ന് പിന്നീട് ഇയാള്‍ സമ്മതിച്ചിരുന്നു.












Click it and Unblock the Notifications