വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതിഷേധം ശക്തമാകുന്നു

കീഴാവുര്‍ കുക്കുറണി ഗ്രീഷ്‌മ നിവാസില്‍ ശശിധരന്റെയും ശോഭനയുടെയും മകളാണ് ഗ്രീഷ്‌മ. ചൊവ്വാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. കോളെജിലെ ഒപി ബ്ലോക്കിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ ഗ്രീഷ്‌മയെ നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 10.45 ഓടെ് മരിക്കുകായയിരുന്നു. ദിവസവും വൈകിട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ വിദ്യാര്‍ത്ഥിനിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച കൂട്ടുകാരികളാണ് പരിക്കേറ്റ് നിലത്തുവീണ നിലയില്‍ കണ്ടത്. അഞ്ചു ദിവസം മുന്‍പാണ് ഗ്രീഷ്‌മ കാരക്കോണം മെഡിയ്‌ക്കല്‍ കോളേജില്‍ ചേര്‍ന്നത്.
മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിംഗ് ആണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും കോളേജിലെ മറ്റു പ്രശ്‌നങ്ങളും കാരണമായതായി സൂചനയുണ്ട്. കോളേജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മകള്‍ അസ്വസ്ഥയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് ശശിധരന്‍ പറഞ്ഞു. കോളേജില്‍ മതിയായ സ്വാതന്ത്ര്യമില്ലെന്നും ഭക്ഷണം നല്ലതല്ലെന്നും മകള്‍ പറഞ്ഞിരുന്നുവെന്ന് ശശിധരന്‍ പറഞ്ഞു.. മൂവായിരം രൂപയാണ് ഹോസ്റ്റല്‍ ഫീസായി വാങ്ങുന്നത്. എന്നാല്‍ ഭക്ഷണമടക്കമുള്ള കാര്യങ്ങളില്‍ കടുത്ത അവഗണനയാണ് എന്ന് ഗ്രീഷ്‌മ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവധി നല്‍കിയ സാഹചര്യത്തില്‍ റാഗിങ് നടക്കാനുള്ള സാധ്യത കുറവാണെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു.
കോളെജില്‍ ചേരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മുപ്പതു ദിവസത്തേയ്‌ക്ക് വീടുമായി ബന്ധപ്പെടാന്‍ അനുവദിയ്‌ക്കുകയില്ല. മൊബൈല്‍ ഫോണും ക്യാമ്പസിലും ഹോസ്‌റ്റലിലും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗ്രീഷ്‌മയുടെ മുറി പരിശോധിച്ച സീനിയര്‍ വിദ്യാര്‍ഥിനി മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. ഇത് അധികൃതരെ അറിയിയ്‌ക്കുകയും ചെയ്‌തതോടെ വിദ്യാര്‍ഥിനി ഏറെ വിഷമതകള്‍ അനുഭവിച്ചു വന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധവിദ്യാര്‍ഥിസംഘടനകള്‍ ആവശ്യപ്പെട്ടു. കോളെജ് മാനേജ്‌മെന്റ് സംഭവം ആദ്യം മൂടിവയ്‌ക്കാന്‍ ശ്രമിച്ചുവെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികളനുഭവിയ്‌ക്കുന്ന പീഢനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐഎസ്‌എഫ്, എബിവിപി സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കോളേജ് മാനേജമെന്റിന്റെ പങ്ക് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാന്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും കോണ്‍ഗ്രസും കാരക്കോണത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications