പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായം: ചന്ദ്രചൂഡന്‍
തിരുവനന്തപുരം: ആര്‍എസ്‌പിയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വിമര്‍ശനം പാര്‍ട്ടിയുടേത് തന്നെയാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടിജെ ചന്ദ്രചൂഡന്‍ രംഗത്തെത്തി.
ചന്ദ്രചൂഡന്‍ സര്‍ക്കാറിനെതിരെ നടത്തിയ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്‌ണപ്പിള്ള പറഞ്ഞിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുന്നതൊന്നും വ്യക്തിപരമായ കാര്യങ്ങളല്ല. പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണ്. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുമ്പോള്‍ മാത്രം പറയുന്നതാണ്-ചൊവ്വാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രചൂഡന്‍ പറഞ്ഞതിങ്ങനെയാണ്.
സംസ്ഥാന സര്‍ക്കാറിനെതിരായ താങ്കളുടെ വിമര്‍ശനം വ്യക്തിപരമാണെന്നാണല്ലോ രാമകൃഷ്‌ണപിള്ള പറയുന്നതെന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണം. ഞാന്‍ ഒരു നിലവാരത്തില്‍ നിന്നും താഴേയ്‌ക്ക് പോകില്ല എന്നായിരുന്നു ചന്ദ്രചൂഡന്റെ മറുപടി.
ഇതിനെക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അത് ഞാന്‍ കേട്ടതായി ഭാവിക്കുന്നില്ല. അദ്ദേഹം സംസാരിച്ചതും പാര്‍ട്ടിയോട് ആലോചിട്ടില്ല എന്നായിരുന്നു ചന്ദ്രചൂഡന്‍ പ്രതികരിച്ചത്.
ഭരണകൂടത്തിനെതിരെ ക്രിയാത്മക വിമര്‍ശനം പാടില്ലെന്നില്ല. എന്റെ വിമര്‍ശനത്തിന്റെ ഒരുഭാഗം മാത്രം മാധ്യമങ്ങള്‍ അവരുടെ സൗകര്യത്തിന് ഉപയോഗിച്ചു. ക്രിയാത്മക വിമര്‍ശനം മുന്നണിയ്‌ക്കുള്ളിലും പുറത്തും പറയാം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications