ബോട്ടിന് ചരിവുണ്ടെന്ന് വിദഗ്ധസംഘം
കുമളി: തേക്കടിയില്‍ 45 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍പെട്ട കെ.ടി.ഡിസിയുടെ ജലകന്യക ബോട്ടിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് വിദഗ്‌ധ സംഘം പരിശോധനയില്‍ കണ്ടെത്തി.
ബോട്ടിന്റെ വലതുവശത്തേക്ക് അസാധാരണമായ വിധത്തില്‍ ചരിവുണ്ടായിരുന്നുവെന്ന് കൊച്ചി സര്‍വ്വകലാശാല മറൈന്‍ എഞ്ചിനീയറിങ് വിഭാഗം മേധാവി ഡോക്ടര്‍ പ്യാരിലാല്‍ ഉള്‍പ്പെടുന്ന സംഘമാണ് കണ്ടെത്തിയത്. ബോട്ട് നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തില്‍ ചരിവ് പാടില്ല. ബോട്ട് ഡിസൈന്‍ ചെയ്‌തവരെ കൂടി ഉള്‍പ്പെടുത്തി അടുത്ത ദിവസം കൂടുതല്‍ പരിശോധന നടത്തുമെന്നും പ്യാരിലാല്‍ അറിയിച്ചു.
ബോട്ടിന്റെ ചെരിവിനെകുറിച്ച് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. റിമാന്റില്‍ കഴിയുന്ന ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവലും ബോട്ടിന് ചരിവുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ബോട്ട് മറിയുന്നതിനുമുന്‍പു മരക്കുറ്റിയില്‍ ഇടിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ചതന്നെ പ്യാരിലാലും സംഘവും വ്യക്തമാക്കിയിരുന്നു.
ബോട്ടിന്റെ അടിഭാഗത്തു കുറ്റിയിലിടിച്ചതിന്റെ പൊട്ടലൊന്നും കണ്ടില്ലെന്നു പറഞ്ഞ അദ്ദേഹം. ഒരു പൊട്ടല്‍ കണ്ടത് ബോട്ട് തലകീഴായി മറിഞ്ഞപ്പോള്‍ എന്‍ജിന്‍ റൂമില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ വേണ്ടിയോ അവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയോ നടത്തിയ ശ്രമത്തിലുണ്ടായതാവാമെന്നും പറഞ്ഞു.
തടാകത്തിലെ ജലനിരപ്പിനു താഴെയുള്ള മരക്കുറ്റിയില്‍ ഇടിച്ചതും ബോട്ട് മറിയാന്‍ കാരണമായേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. അതിനു തെളിവില്ലാതായതോടെ ബോട്ട് പതിവു ചാല്‍വിട്ട് പോയിട്ടില്ലെന്നു മനസിലാക്കാം.
ബോട്ട് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അതിനെ മറികടക്കാനാണു മരക്കുറ്റിയില്‍ തട്ടിയിരിക്കാമെന്ന വാദം ഉയര്‍ന്നുവന്നിരുന്നത്.












Click it and Unblock the Notifications