മുല്ലപ്പെരിയാര്‍ അടിയന്തര ഹര്‍ജിയുമായി തമിഴ്‌നാട്
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വ്വേ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരേ തമിഴ്‌നാട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് സംബന്ധിച്ച് കേസ്, സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിയ്‌ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വേ അനുമതി നല്‍കിയ കേന്ദ്രനീക്കം തെറ്റാണെന്നും ഈ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.ബുധനാഴ്‌ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് തമിഴ്‌നാട് വ്യാഴാഴ്‌ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് കേരളം സര്‍വ്വേ അനുമതി നേടിയതെന്ന് ഹര്‍ജിയില്‍ ആരോപിയ്‌ക്കുന്നു. മുല്ലപ്പെരിയാര്‍ സുപ്രിം കോടതിയുടെ മുന്നില്‍ പരിഗണനയ്‌ക്കിരിയ്‌ക്കുന്ന കേസാണെന്നത് സര്‍വ്വേ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ കാണിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ തമിഴ്‌്‌നാട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വനം പരിസ്ഥിതി വകുപ്പിന്റെ ഭാഗമായ പരിസ്ഥിതി സമിതിയാണ് സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയത്. പെരിയാര്‍ കടുവാസങ്കേതത്തിനടുത്ത് യാതൊരുവിധ സര്‍വ്വേയും നടത്തരുതെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ വാദം ശക്തമായി എതിര്‍ക്കാനാണ് കേരളം തീരുമാനിച്ചിരിയ്‌ക്കുന്നതെന്നറിയുന്നു. പരിഗണിയ്‌ക്കാനിരിയ്‌ക്കുന്ന കേസും ഇപ്പോള്‍ നല്‍കിയ പരിസ്ഥിതി സര്‍വേ അനുമതിയും നേരിട്ട് ബന്ധമില്ലെന്ന വാദമാകും കേരളം പ്രധാനമായി മുന്നോട്ടു വയ്‌ക്കുക. സര്‍വ്വേ നടത്താന്‍ മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചതെന്നും ഇത് തമിഴ്‌നാടിനെ ബാധിയ്‌ക്കുന്ന കാര്യമല്ലെന്നും കേരളം ചൂണ്ടിക്കാണിച്ചേക്കും.












Click it and Unblock the Notifications