ഇടത് സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും
എറണാകുളം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്തെയും ആലപ്പുഴയിലെയും ഇടതുപക്ഷ സ്‌ഥാനാര്‍ഥികളെ ശനിയാഴ്‌ച അറിയാം. സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തിനായി എറണാകുളം ജില്ലാകമ്മിറ്റി യോഗം വീണ്ടും ചേരും. യോഗത്തിനു ശേഷം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എറണാകുളത്തെ സ്‌ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം ജില്ലാസെക്രട്ടറിയറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ആറു മണിക്കൂര്‍ ചര്‍ച്ച ചെയ്‌തെങ്കിലും എറണാകുളം തിരിച്ചുപിടിക്കാന്‍ ആരെ കളത്തിലിറക്കണമെന്ന് കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ജിസിഡിഎ മുന്‍ ചെയര്‍മാന്‍ കെ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശത്തിനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റില്‍ മുന്‍തൂക്കം. എന്നാല്‍ അനാരോഗ്യം മൂലം മത്സരത്തിനിറങ്ങാന്‍ ബാലചന്ദ്രന്‍ സമ്മതം മൂളാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ബാലചന്ദ്രന് പുറമെ എറണാകുളം മുന്‍ ഏരിയാ സെക്രട്ട്രറി കെ എന്‍ ഉണ്ണികൃഷ്‌ണന്‍, നഗരസഭാംഗവും ഡിവൈഎഫ്‌ഐ നേതാവുമായ എം അനില്‍കുമാര്‍ എന്നിവരുടെ
പേരുകളും പരിഗണിയ്‌ക്കുന്നുണ്ട്. കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ച എംവി ജയരാജന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്‌ച വൈകിട്ടോടെ ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ സ്‌ഥാനാര്‍ഥിയായി പരിഗണിക്കാന്‍ സിപിഐ ജില്ലാ നേതൃയോഗം അംഗീകരിച്ച മൂന്നുപേരുടെ പാനല്‍ ശനിയാഴ്‌ച സംസ്‌ഥാന നേതൃയോഗം ചര്‍ച്ച ചെയ്യും. ആലപ്പുഴയില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ജി കൃഷ്‌ണപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പിഎസ്‌എം. ഹുസൈന്‍, പാര്‍ട്ടി ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറിയും സംസ്‌ഥാന കൗണ്‍സില്‍ അംഗവുമായ എഎം ചന്ദ്രശര്‍മ എന്നിവരാണ് പാനലിലുളളത്. എന്‍എസ്‌എസിന്റെ പിന്തുണയുള്ള കൃഷ്‌ണപ്രസാദിനാണ് സ്ഥാനാര്‍ത്ഥിയാവാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിയ്‌ക്കപ്പെടുന്നതെന്ന് സൂചനകളുണ്ട്.
ടിജെ ആഞ്ചലോസിനെ മത്സരിപ്പിയ്‌ക്കാന്‍ സിപിഐയ്‌ക്ക് ആലോചനയുണ്ടായിരുന്നെങ്കിലും സിപിഎമ്മിന് അനഭിമതനായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് വെള്ളിയാഴ്‌ച ചേര്‍ന്ന കെപിസിസി തിരഞ്ഞെടുപ്പു നിര്‍വാഹകസമിതിയോഗം ഭാവി ചര്‍ച്ചകള്‍ക്കും കേന്ദ്ര നേതൃത്വവുമായുള്ള ആശയവിനിമയത്തിനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി. ഇവര്‍ നല്‍കുന്ന പട്ടിക വിലയിരുത്തി ദില്ലിയില്‍ ഹൈക്കമാന്‍ഡായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്‌ക്കുക. സീറ്റ് മോഹികള്‍ ഒരുപാട് പേര്‍ ഉള്ളതിനാല്‍ തര്‍ക്കമൊഴിവാക്കാനാണ് ഇത്തരമൊരു വഴി പാര്‍ട്ടി സ്വീകരിച്ചത്.












Click it and Unblock the Notifications