തെറ്റുതിരുത്തല്‍ രേഖ : സിപിഎം പിബി ചേരുന്നു
ദില്ലി: കമ്മ്യൂണിസ്റ്റ് തത്വങ്ങളും സംഘടനാ ചട്ടങ്ങളും ലംഘിക്കുന്നത് തടയാനുള്ള തെറ്റു തിരുത്തല്‍രേഖ യ്‌ക്ക് ഞായറാഴ്‌ച ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം അന്തിമ രൂപം നല്‍കും. ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചതിന് ശേഷമാകും തിരുത്തല്‍ രേഖ നടപ്പാക്കുക.
1996 ഒക്‌റ്റോബര്‍ 29, 30, 31 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയുടെ കാലോചിതമായ പരിഷ്‌കരണമാണു സിപിഎം ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥാനമാനങ്ങള്‍ക്കുള്ള ആഗ്രഹം കൂടിവരികയാണെന്ന് കരടുരേഖയില്‍ പറയുന്നു.
ചില പാര്‍ട്ടി അംഗങ്ങളുടെ ആസ്‌തികള്‍ അവരുടെ അറിയപ്പെടുന്ന വരുമാനത്തിന് യോജിക്കുന്നതല്ലെന്ന് കേരളം, പശ്ചിമബംഗാള്‍, ആന്ധ്ര സംസ്ഥാന ഘടകങ്ങള്‍ പിബിക്ക് നല്‌കിയ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചില നേതാക്കളുടെയും കേഡര്‍മാരുടെയും ജീവതരീതി കമ്യൂണിസ്റ്റുകാരില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ല. ധനപരമായ ക്രമരാഹിത്യങ്ങള്‍ വര്‍ധിക്കുന്നു. ഉപഭോഗത്വര പാര്‍ട്ടിയെയും സ്വാധീനിക്കുന്നുണ്ട്. ധൂര്‍ത്തജീവിത പ്രവണത ശക്തിപ്പെടുന്നു തുടങ്ങിയ ഗൗരവതരമായ വിമര്‍ശനങ്ങള്‍ രേഖയിലുണ്ട്. ലോക്കല്‍ കമ്മിറ്റി മുതല്‍ കേന്ദ്രകമ്മിറ്റി വരെയുള്ള പാര്‍ട്ടി അം ഗങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളുന്ന സംഘടനാ കമ്മിറ്റികളില്‍ സ്വന്തം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശവും രേഖ നിര്‍ദ്ദേശിയ്‌ക്കുന്നു.
കേരളത്തില്‍നിന്ന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട എല്ലാ പിബി അംഗങ്ങളും ഞായറാഴ്‌ചത്തെ യോഗത്തില്‍ പങ്കെടുത്തേക്കും.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഉപതെരഞ്ഞെടുപ്പുകള്‍, ആസിയാന്‍ കരാറിനെതിരേ തുടര്‍ പ്രക്ഷോഭങ്ങള്‍, എന്നീ വിഷയങ്ങള്‍ക്കു പുറമെ അടുത്തമാസം ഡല്‍ഹിയില്‍ ചേരുന്ന ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഒരുക്കങ്ങളും പിബി ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications