എറണാകുളം: സിപിഎം ഇരുട്ടില്‍ തപ്പുന്നു
കൊച്ചി: അടുത്ത മാസം ഏഴിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാവാതെ സിപിഎം ഇരുട്ടില്‍ തപ്പുന്നു. ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം തലപുകഞ്ഞാലോചിച്ചിട്ടും എറണാകുളത്ത് മത്സരത്തിനിറക്കേണ്ടതാരെയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല.
മുന്‍ മേയറും മുന്‍ ജിസിഡിഎ ചെയര്‍മാനുമായ കെ ബാലചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. എന്നാല്‍ ബാലചന്ദ്രനെ ഗോദയിലിറക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇപ്പോഴും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ മുകളില്‍ നിന്നുള്ള ഇടപെടല്‍ വേണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.
ബാലചന്ദ്രന്‍ വിട്ടുവീഴ്‌ച ചെയ്‌തില്ലെങ്കില്‍ മറ്റു സ്വതന്ത്രമാരെ പരിഗണിക്കാനാവുമോയെന്നും ജില്ലാ നേതൃത്വം ആലോചിക്കുന്നുണ്ട്. നഗരസഭാ കൗണ്‍സിലര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍, ഏരിയാ സെക്രട്ടറി കെഎന്‍ ഉണ്ണികൃഷ്‌ണന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെജെ ജേക്കബ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നവരുടെ പേരില്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്‌ച വീണ്ടും ചേരുന്നുണ്ട്. അതിന് മുമ്പ് ബാലചന്ദ്രനെ അനുനയിപ്പിക്കാമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications