രമ്യതയിലാകാന്‍ തയ്യാറെന്ന് അനില്‍ അംബാനി
ദില്ലി: കാലങ്ങളായി സഹോദരന്‍ മുകേഷ് അംബാനിയുമായി നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് അനില്‍ അംബാനി വെളിപ്പെടുത്തി.
എന്നാല്‍ മുകേഷ് അംബാനി ഈ നിര്‍ദ്ദേശം നിരാകരിച്ചു. ഇതോടെ അംബാനി സഹോദരന്മാര്‍ക്കിടയിലുള്ള തര്‍ക്കം കോടതിയില്‍ തുടരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആര്‍ഐഎല്‍ അനിലിന്റെ കമ്പനിക്ക് പ്രകൃതി വാതകം നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.
ഈ സാഹചര്യത്തില്‍ അനില്‍ സഹോദരനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ പ്രസ്‌താവന വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.
ദീപാവലിയുടെ മുന്നോടിയായി കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയശേഷമാണ് സഹോദരുമായി രമ്യതയിലാകാന്‍ തയ്യാറാണെന്ന് അനില്‍ വ്യക്തമാക്കിയത്.
സഹോദരനോട് സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തി തുറന്ന മനസ്സോടെയാണ് താന്‍ ഇതിന് തയ്യാറാവുന്നതെന്നും അനില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മാതാവ് കോകില ബെന്നിന് ഇതിലും വലിയ ഒരു സമ്മാനം നല്‍കാനില്ലെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറയുന്നു.
എന്നാല്‍ സഹോദരന്റെ ഈ നിര്‍ദ്ദേശത്തെ മുകേഷ് പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇരുവരും തമ്മിലുള്ള കേസില്‍ ഒക്ടോബര്‍ 20നാണ് സുപ്രീം കോടതിയില്‍ വാദം തുടങ്ങുന്നത്.












Click it and Unblock the Notifications