കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ അബ്‍ദുള്ളക്കുട്ടിക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: രൂക്ഷമായ എതിര്‍പ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ സ്ഥാനാര്‍ത്ഥി പാനല്‍ എന്ന പതിവ്‌ പരിപാടി ഒഴിവാക്കി സ്ഥാനാര്‍ത്ഥിപ്പട്ടിക തന്നെ സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ സമര്‍പ്പിച്ചു. കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടി, എറണാകുളത്ത്‌ ഡൊമനിക്‌ പ്രസന്റേഷന്‍, ആലപ്പുഴയില്‍ എഎ ഷുക്കൂര്‍ എന്നിവരാണ്‌ പട്ടികയിലുള്ളതെന്നാണ്‌ സൂചന.

ഡൊമിനിക്കിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായില്ലെങ്കിലും മറ്റ്‌ രണ്ട്‌ മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ തികച്ചും വിഭിന്നമാണ്‌. സപിഎം പുറത്താക്കിയ ഉടനെ കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കണ്ണൂര്‍ ഡിസിസി നേതൃത്വവും യൂത്ത്‌ കോണ്‍ഗ്രസും എതിര്‍പ്പുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.

തുടര്‍ച്ചയായ രണ്ട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച്‌ കണ്ണൂരില്‍ സിപിഎമ്മിന്റെ അത്ഭുതക്കുട്ടിയായി മാറിയ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കണമെന്ന്‌ കെ സുധാകരന്‍ എംപിയാണ്‌ നിര്‍ബന്ധം പിടിച്ചത്‌. അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലം നിലനിര്‍ത്താനാവുമെന്നാണ്‌ കെ സുധാകരന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്‌. സുധാകരന്റെ സമ്മര്‍ദ്ദമാണ്‌ അബ്ദുള്ളക്കുട്ടിയ്‌ക്ക്‌ അനുകൂലഘടകമായതെന്ന്‌ കരുതപ്പെടുന്നു.

ആലപ്പുഴയില്‍ ആദ്യം മുതല്‍ ഉയര്‍ന്നുകേട്ട പേരാണ്‌ ഡിസിസി പ്രസിഡന്റ്‌ എഎ ഷുക്കൂറിന്റേത്‌. രമേശ്‌ ചെന്നിത്തലയ്‌ക്കും ഷുക്കൂറിനെ നിര്‍ത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അബ്‌ദുള്ളക്കുട്ടി വന്നാല്‍ ആലപ്പുഴയില്‍ സാമുദായിക സംതുലനം വേണ്ടിവരുമെന്ന സൂചനയെ തുടര്‍ന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെസി രാജന്‍ എന്നിവരുടെ പേരുകള്‍ സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഷുക്കൂറിനെ മാറ്റി നിര്‍ത്തുന്നതിനോട്‌ നേതൃത്വത്തിന്‌ താത്‌പര്യമില്ലെന്നാണ്‌ അറിയുന്നത്‌.

സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡ്‌ അംഗീകരിച്ച ശേഷം സംസ്ഥാന കമ്മിറ്റിക്ക്‌ കൈമാറും. തിങ്കളാഴ്‌ച വൈകിട്ടോടെ കെപിസിസി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും എന്നാണ്‌ സൂചന.

അതേ സമയം കണ്ണൂരിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ സിപിഎം ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി എംവി ജയരാജന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനാണ്‌. ജയരാജനിലൂടെ കണ്ണൂര്‍ എന്ന ബാലികേറാമല പിടിച്ചെടുക്കാമെന്നാണ്‌ സിപിഎമ്മിന്റെ പ്രതീക്ഷ. ആദ്യം അദ്‌ഭുതക്കുട്ടിയും പിന്നീട്‌ സിപിഎമ്മിന്റെ ചീത്തക്കുട്ടിയുമായ അബ്ദുള്ളക്കുട്ടി തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായ സാഹചര്യത്തില്‍ കണ്ണൂരില്‍ മത്സരം പൊടിപാറുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി പി ഐയിലെ ജി കൃഷ്‌ണപ്രസാദ്‌ പ്രചാരണ രംഗത്ത്‌ ഏറെ സജീവമാണ്‌. ജില്ലയിലെ ഏറ്റവും ജനകീയനായ സ്ഥാനാര്‍ത്ഥിയെയാണ്‌ സിപിഐ ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്‌. അടുത്തിടെ കോണ്‍ഗ്രസ്‌ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്‌എസിന്റെ പിന്തുണ കൃഷ്‌ണപ്രസാദ്‌ പ്രതീക്ഷിയ്‌ക്കുന്നുണ്ട്‌. അതേ സമയം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാവുമെന്ന്‌ കരുതപ്പെടുന്ന ഡിസിസി പ്രസിഡന്റ്‌ എഎ ഷുക്കൂര്‍ ന്യൂനപക്ഷ വോട്ട്‌ ബാങ്കില്‍ സ്വാധീമുറപ്പിക്കാനായിരിക്കും ശ്രമിക്കുക.

മറ്റു രണ്ട്‌ മണ്ഡലങ്ങളില്‍ മുന്നേറിയെങ്കിലും എറണാകുളത്തെ സി പി എം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. എറണാകുളം മുന്‍ മേയര്‍ കെ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ്‌. മത്സരിയ്‌ക്കാന്‍ താത്‌പര്യമില്ലെന്ന്‌ ബാലചന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും സമ്മര്‍ദ്ദം വഴി അദ്ദേഹത്തെ ഗോദയിലിറക്കാമെന്നാണ്‌ ജില്ലാ നേതൃത്വം പ്രതീക്ഷിയ്‌ക്കുന്നത്‌. അതേ സമയം എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ വൈകുന്നത്‌ സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X