നീലകണ്‌ഠന്‍ ജോലിചെയ്യുന്നില്ല: പിണറായി
കൊച്ചി: സി.ആര്‍ നീലകണ്‌ഠന്‍ കൂടുതല്‍ സമയവും പത്രത്തിലും ടിവിയിലുമാണെന്നും അദ്ദേഹത്തിന് ജോലിചെയ്യാന്‍ സമയമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
നീലകണ്‌ഠനേക്കാള്‍ കഴിവും വിദ്യാഭ്യാസവുമുള്ള എന്‍ജിനീയര്‍മാര്‍ വേറെയുണ്ടെന്ന് പറഞ്ഞ പിണറായി അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും ഹൈക്കോടതിയെ ബോധിപ്പിച്ചു.
നീലകണ്‌ഠന്റെ സ്ഥലംമാറ്റക്കേസില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കൂടുതല്‍ സമയവും നീലകണ്‌ഠന്‍ ചെലവഴിക്കുന്നത് സാമുഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ഇതിന്റെ പേരില്‍ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും പൊതുവേദികളുമാണ് അദ്ദേഹം കൂടുതല്‍ സമയവും ചെലവിടുന്നത്- സത്യവാങ്‌മൂലത്തില്‍ പറയുന്നു.
അരൂരില്‍ നിന്നും ഹൈദരാബാദിലേയ്‌ക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്‌ത് കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ സി.ആര്‍ നീലകണ്‌ഠന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പിണറായിയെ കക്ഷിചേര്‍ത്തിരുന്നു.
എന്നാല്‍ സര്‍വ്വീസ് കേസില്‍ താന്‍ അവശ്യ കക്ഷിയല്ലെന്നും ഒഴിവാക്കണമെന്നും പിണറായി സത്യവാങ്‌മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു. സ്ഥലം മാറ്റത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പൊതു, മാധ്യമ ചര്‍ച്ചകള്‍ക്കിടെ ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്ന പ്രകാരം പ്രായമായ മാതാപിതാക്കളെ എങ്ങനെ പരിചരിക്കണമെന്ന് നിശ്ചയമില്ലെന്നും പിണറായി വ്യക്തമാക്കി.
അതേസമയം സ്ഥലംമാറ്റത്തില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വാദം നീലകണ്‌ഠന്‍ തന്റെ മറുപടി സത്യവാങ്‌മൂലത്തില്‍ ആവര്‍ത്തിച്ചു. നിയമാനുസൃതമല്ലാതെ താന്‍ അവധിയെടുത്തതായി ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications