കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതിനെതിരെ ചൈന നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കി. അരുണാചല്‍പ്രദേശ്‌ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്ന അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണ പറഞ്ഞു. ഇരുരാജ്യങ്ങളും അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആ പ്രക്രിയകളെ ഒരുവിധത്തിലും സഹായിക്കില്ലെന്നും എസ്‌എം കൃഷ്‌ണ ഓര്‍മ്മിപ്പിച്ചു. ചൈന ഇത്തരത്തിലുള്ള നിലപാടെടുക്കുന്നതില്‍ നിരാശയുണ്ടെന്നും അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന്‌ ചൈനയ്‌ക്കറിയാമെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ്‌ വിഷ്‌ണു പ്രകാശ്‌ പറഞ്ഞു.

ദക്ഷിണ ടിബറ്റ്‌ എന്ന്‌ ചൈന അവകാശപ്പെടുന്ന അരുണാചലില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി മന്‍മോഹന്‍ സിങ്‌ നടത്തി സന്ദര്‍ശത്തില്‍ കടുത്ത അതൃപ്‌തിയാണ്‌ ചൈനീസ്‌ അധികൃതര്‍ പ്രകടിപ്പിച്ചത്‌. ഇന്ത്യാ-ചൈന ബന്ധം ആരോഗ്യകരമായി തുടരുന്നതിന്‌ തര്‍ക്കഭൂമിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കരുതെന്നായിരുന്നു ചൈനയുടെ ആവശ്യം.

തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഇക്കഴിഞ്ഞ മൂന്നിന്‌ സന്ദര്‍ശനം നടത്തിയത്‌. ചൈനീസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ മന്ത്രാലയം വക്താവ്‌ മാ ഷാക്‌സുവാണ്‌ പ്രതിഷേധകുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌.

ചൈനയുടെ ഗൗരവമായ ഉത്‌കണ്‌ഠ ഇന്ത്യ പരിഗണിക്കണമെന്നും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആരോഗ്യകരമായ ബന്ധം നിലനില്‍ക്കുന്നതിന്‌ തര്‍ക്കമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കരുതെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെടുന്നു.

1962 ലെ യുദ്ധം മുതല്‍ അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്നാണ്‌ ചൈനയുടെ അവകാശവാദം. വേലികെട്ടാത്ത 1030 കിലോമീറ്റര്‍ അതിര്‍ത്തിയാണ്‌ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉളളത്‌. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്‌ 13 വട്ടം നടത്തിയ ചര്‍ച്ചകളൊന്നും ലക്ഷ്യം കണ്ടില്ല. ജമ്മു കശ്‌മീരിലെ 43,180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈന കൈവശവെച്ചിരിയ്‌ക്കുന്നുവെന്ന്‌ ഇന്ത്യ പറയുമ്പോള്‍ അരുണാചലിലെ ചൈനയുടെ 90,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യ കൈയടക്കി വെച്ചിരിയ്‌ക്കുന്നുവെന്നാണ്‌ ചൈന ആരോപിയ്‌ക്കുന്നത്‌.

അരുണാചല്‍ മേഖല ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ്‌ കാലത്തെ മക്‌മഹോന്‍ ലൈന്‍ ചൈന അംഗീകരിക്കുന്നില്ല. അരുണാചലിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ എഷ്യന്‍ ബാങ്കിനെ സമീപിക്കുമ്പോഴും ചൈന തടസം നില്‍ക്കാറുണ്ട്‌. തിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിലും ചൈന പ്രതിഷേധം ശക്തമായി അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X