ഇടപെടല്‍ നിര്‍ത്തണം; ചൈനക്ക് മുന്നറിയിപ്പ്
ദില്ലി:പാക് അധിനിവേശ കാശ്‌മീരിലെ പ്രവര്‍ത്തനങ്ങള്‍ ചൈന അവസാനിപ്പിയ്‌ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന് മേഖലയിലെ ചൈനയുടെ ഇടപെടലുകള്‍ വിലങ്ങുതടിയാകുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്‍കി.
പാക് അധിനിവേശ കാശ്‌മീരില്‍ പാകിസ്ഥാനുമൊത്ത് ചൈന നടത്തി വരുന്ന പദ്ധതികളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിയ്‌ക്കവേ വിദേശകാര്യ വക്താവ് വിഷ്‌ണുപ്രകാശാണ് ഇക്കാര്യം പ്രസ്‌താവിച്ചത്.
ചൈനീസ് ഔദ്യോഗികപത്രമായ സിന്‍ഹുവ'യില്‍ പ്രസിഡന്റ് ഹ്യുജിന്റാവോ മേഖലയില്‍ പാക്കിസ്ഥാനുമായി ചേര്‍ന്നുള്ള പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യയുടെ കൈവശമായിരുന്ന ജമ്മു കശ്‌മീരിലെ പല പ്രദേശങ്ങള്‍ 1947ല്‍ പാകിസ്‌താന്‍ കൈയ്യേറിയതാണെന്ന കാര്യം ചൈനയ്‌ക്ക് നല്ല ബോധ്യമുള്ളതാണ്. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്കകളും ആ രാജ്യത്തിന് നന്നായി അറിയാം. ദീര്‍ഘകാലടിസ്ഥാനത്തിലുള്ള നയതന്ത്രബന്ധമാണ് ചൈന ആഗ്രഹിയ്‌ക്കുന്നതെന്ന് ഇന്ത്യ കരുതുന്നു. അതിനാല്‍ ഇത്തരം നീക്കങ്ങളില്‍ അവര്‍ പിന്‍മാറുമെന്നാണ് കരുതുന്നത്. വിഷ്‌ണുപ്രകാശ് പറഞ്ഞു.
പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ചൈന സന്ദര്‍ശനത്തിനിടെ നടത്തിയ കൂടിക്കാഴ്‌ചയിലാണ് പാക് അധീന കശ്‌മീരിലെ രണ്ട് പ്രധാന പദ്ധതികള്‍ക്ക് ഹ്യുജിന്റാവോ സഹായം വാഗ്‌ദാനം ചെയ്‌തത്. പാകിസ്ഥാന്‍ നിര്‍മ്മിയ്‌ക്കുന്ന നീലം- ഝലം ജലവൈദ്യുത പദ്ധതിയ്‌ക്കുള്ള സഹായവും പാക് - ചൈനീസ് പാതയായ കാരക്കോറം ഹൈവേ പദ്ധതി മെച്ചപ്പടുത്താനുമായിരുന്നു ചൈന സഹായം വാഗ്‌ദാനം ചെയ്‌തത്.












Click it and Unblock the Notifications