ബിജെപി മൂന്ന് മണ്ഡലങ്ങളിലും മത്സരിക്കും

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പണവും സമയവും പാഴാക്കാതെ വരാനിരിയ്‌ക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അതിന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിയ്‌ക്കപ്പെടുക പോലുമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ഇതോടെയാണ് മത്സരിയ്‌ക്കേണ്ടെന്ന് മുന്‍തീരുമാനത്തില്‍ നിന്നും ബിജെപി പിന്‍മാറിയത്.
പാര്‍ട്ടിയെ നാണക്കേടിലാഴ്‌ത്തിയ അവസാന തിരഞ്ഞെടുപ്പ് ഫലങ്ങളെക്കാളും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. യുപിഎ, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയായിരിക്കും ബിജെപിയുടെ പ്രചാരണമെന്നും പികെ കൃഷ്‌ണദാസ് പറഞ്ഞു.
അതേ സമയം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച് വ്യക്തമായ ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. കണ്ണൂരില്‍ കെ സുരേന്ദ്രന്‍ മത്സരിയ്‌ക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലോ കൊച്ചിയിലോ മത്സരിയ്‌ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ പരിഗണിയ്‌ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications