കോണ്‍ഗ്രസ് പട്ടികയില്‍ എന്‍എസ്‌എസ്സിന് അതൃപ്‌തി
കോട്ടയം: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ എന്‍എസ്‌എസ് രംഗത്തെത്തി. യുഎഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ടാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റൂ എന്നാണ് തോന്നുന്നതെന്ന് എന്‍എസ്‌എസ് അസിസ്‌റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എന്‍എസ്‌എസിനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക സവിശേഷ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലാണ്. അവരുടെ സ്ഥാനാര്‍ത്ഥികള്‍ വിജയ സാധ്യത ഉളളവരാണെന്ന് എന്‍എസ്‌എസിന് പറയാനാവില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഈ തെരഞ്ഞെടുപ്പിലും സമദൂര സിദ്ധാന്തമായിരിക്കും എന്‍എസ്‌എസ് സ്വീകരിക്കുക.
രമേശ് ചെന്നിത്തലയും പിജെ.കുരന്യനും എന്‍എസ്‌എസ് ആസ്ഥാനത്തെത്തിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി സംബന്ധിച്ച തെളിവെടുപ്പുകള്‍ക്കാണ്. ആലപ്പുഴ മണ്‌ഡലത്തിലെ സ്ഥാനാര്‍ത്ഥിയ്‌ക്കായി എന്‍എസ്‌എസ് ഒരാവശ്യവും വച്ചിരുന്നില്ല. ആ സീറ്റ് ആഗ്രഹിച്ചിരുന്നില്ല- സുകുമാരന്‍ നായര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍എസ്‌എസും കോണ്‍ഗ്രസും തമ്മിലുണ്ടായ ഭിന്നത ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്റെ സൂചനകളാണ് പ്രസ്‌താവന തെളിയിക്കുന്നത്. എന്‍എസ്‌എസ് ഇടഞ്ഞു നിന്നാല്‍ ആലപ്പുഴ മണ്ഡലത്തില്‍ അത് കോണ്‍ഗ്രസിന് ഭീഷണിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. അതിനാല്‍ എന്‍എസിഎസിനെ മയപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും.












Click it and Unblock the Notifications