എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്‌കാനര്‍
ലണ്ടന്‍: വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി സമയം ചെലവാക്കേണ്ടി വരുന്നതിനെക്കുറിച്ച് ഇനി തലവേദന വേണ്ട. യാത്രക്കാരുടെ നഗ്ന ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ആദ്യ സ്‌കാനര്‍ സംവിധാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തനക്ഷമമായി. ഡെയ്‌ലി ടെലിഗ്രാഫാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്താണ് നേക്കഡ് സ്‌കാനര്‍ സ്ഥാപിയ്‌ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശരീരഭാഗങ്ങളുടെ വ്യക്തമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ്‍ ത്രിമാന ചിത്രമാണ് സ്‌കാനര്‍ പരിശോധകര്‍ക്ക് നല്‍കുന്നത്. യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളെല്ലാം പരിശോധനക്കിടെ സ്‌ക്രീനില്‍ തെളിയും. എന്നാല്‍ ഈ ചിത്രങ്ങള്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും കാണുകയെന്നും ചിത്രങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കില്ലെന്നും വിമാനത്താവളത്തിലെ കസ്റ്റമര്‍ എക്‌സ്‌പീരിയന്‍സസ് മേധാവി സാറ ബാര്‍ലറ്റ് പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള ശരീര പരിശോധനകള്‍ പലരും ഇഷ്ടപ്പെടുന്നില്ല. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായിരിക്കും പുതിയ സ്‌കാനര്‍.
റാപ്പിസ്‌കാന്‍ സിസ്റ്റംസ് നിര്‍മ്മിച്ച നേക്കഡ് സ്‌കാനര്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിയ്‌ക്കുന്നത്. പുതിയ സ്‌കാനര്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ സുരക്ഷാ പരിശോധനകള്‍ക്കായി ബെല്‍റ്റ് പോലും അഴിച്ചു വെക്കേണ്ടെന്ന് ചുരുക്കം.
സ്‌കാനര്‍ ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റേഡിയേഷന്‍ ഭയക്കേണ്ടെന്നും ഒരു വര്‍ഷം 5000 തവണ കടന്നു പോയാലും കുഴപ്പമുണ്ടാകില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിയ്‌ക്കുന്ന നേക്കഡ് സ്‌കാനര്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ തോതില്‍ പ്രവര്‍ത്തിയ്‌ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications