ബിടി വഴുതനക്ക് അംഗീകാരം
ദില്ലി: ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയുടെ ഉത്‌പാദനത്തിന് അംഗീകാരം ലഭിച്ചു. ജനിറ്റിക് എഞ്ചിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയാണ് (ജിഇഎസി) ഉത്‌പാദനത്തിന് അംഗീകാരം നല്‍കിയത്. ഇത്തരം വിളകള്‍ക്കും ഭക്ഷ്യസാമഗ്രികള്‍ക്കും അംഗീകാരം നല്‍കുന്നതിന് ഇന്ത്യയിലെ പരമോന്നത സമിതിയാണ് ഡിഇഎസി.
ജനിതക(ഡി. ബി)വിത്തുകള്‍ ഉത്‌പാദിപ്പിയ്‌ക്കുന്നത് മൂലം പാരിസ്ഥിതിക മലിനീകരണമില്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമിതി അംഗീകാരം നല്‍കിയത്.
ഏറെ രാഷ്‌ട്രീയ-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നയം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രം സമിതിയോടാവശ്യപ്പെടുകയായിരുന്നു. കേന്ദ്ര മന്ത്രിസഭ കൂടി അംഗീകരിച്ചാല്‍ ഇത് നിയമമാകും. അങ്ങനെയെങ്കില്‍ ലോകത്ത് ആദ്യമായി മനുഷ്യോപയോഗത്തിന് ഡി ബി വിത്തുകള്‍ ഉത്‌പാദിപ്പിയ്‌ക്കുന്ന രാജ്യമാകും ഇന്ത്യ. അതേസമയം ഇക്കാര്യത്തില്‍ അന്തിമതീരുമാനം തന്റേതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു.
പരിസ്ഥിതി, വനം മന്ത്രി ജയറാം രമേശ് ഇതിന് അനുകൂലനിലലപാടാണ് സ്വീകരിച്ചിരിയ്‌ക്കുന്നതെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഏറെ എതിര്‍പ്പുള്ളതായാണ് റിപ്പോര്‍ട്ട്. ശാസ്‌ത്രീയമായപഠനങ്ങള്‍ നടത്താതെ 90 ദിവസം എലികളില്‍ നടത്തിയ പരീക്ഷണം മാത്രമായാണ് അംഗീകാരം നേടിയത്.
ഇടതുപക്ഷത്തിന്റെയും പരിസ്ഥിതിവകുപ്പിന്റെയും എതിര്‍പ്പടക്കം ഒട്ടേറെ രാഷ്‌ട്രീയപ്രാധാന്യമര്‍ഹിയ്‌ക്കുന്ന ഈ നയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെ ആശ്രയിച്ചാകും രാജ്യത്തിന്റെ മേലുള്ള ലോകശ്രദ്ധ. അന്തക വിത്തുത്‌പാദകനായ മോണ്‍സാന്റോയടക്കം ഈ രംഗത്തെ നിരവധി കുത്തകക്കമ്പനികള്‍ ഇന്ത്യന്‍ വിപണിയെ ഉറ്റു നോക്കുകയാണ്.
ജനിതക മാറ്റം വരുത്തിയ ഒന്‍പത് വിളകളില്‍ ഇന്ത്യയില്‍ 'ഫീല്‍ഡ് സ്റ്റഡി' നടന്നുവരികയാണ്. വളരെ നിയന്ത്രിതമായ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങള്‍ക്കുശേഷമാണ്, ജൈവസുരക്ഷ സംബന്ധിച്ച പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍, പരീക്ഷണക്കടമ്പകളെല്ലാം കടന്ന ആദ്യവിളയാണ് ബിടി വഴുതന. ഇതിന്റെ വിത്തു വികസിപ്പിച്ചെടുത്തത്, ബഹുരാഷ്ട്ര കുത്തകയായ അന്തക വിത്തുല്‌പാദകരായ മൊണ്‍സാന്‍േറാ 'മഹീകോ ബയോടെക്' ആണ്. വിള വികസിപ്പിച്ചെടുക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് കമ്പനി വിത്ത് സൗജന്യമായി നല്‍കുകയായിരുന്നു.












Click it and Unblock the Notifications