സിപിഎം ജനങ്ങളില്‍ നിന്നകലുന്നു: ബുദ്ധദേവ്
കൊല്‍ക്കത്ത: സിപിഎം ജനങ്ങളില്‍നിന്ന് അകന്നതായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ.
നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബരാസാത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതു കക്ഷികളുടെ യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയുടെ വര്‍ത്തമാനകാല അവസ്ഥയെ ഇത്തരത്തില്‍ വിലയിരുത്തിയത് നടത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തിടെ നടന്ന വോട്ടെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതു പാര്‍ട്ടിയുടെ അഭിമാനത്തിനേറ്റ ക്ഷതമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ലോക്‌സഭയിലും തദ്ദേശഭരണസ്‌ഥാപനങ്ങളിലും തിരിച്ചടിയുണ്ടായതു ജനങ്ങള്‍ക്കു പാര്‍ട്ടിയില്‍ വിശ്വാസം നഷ്‌ടപ്പെട്ടതിന്റെ തെളിവാണ്. കഴിഞ്ഞകാലത്ത് പാര്‍ട്ടി തങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്നെന്നും എന്നാല്‍ ഭാവിയില്‍ അങ്ങനെ ഉണ്ടാവില്ലെന്നുമാണ് പാവപ്പെട്ടവരില്‍ ഒരു വിഭാഗം കരുതുന്നത്,
പാര്‍ട്ടിയുടെ പ്രതിച്‌ഛായ വര്‍ധിപ്പിക്കാനുള്ള നടപടികളാണ് ഇനിയുണ്ടാകേണ്ടത്. ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതാവണം ഇനിയത്തെ ലക്ഷ്യം-ബുദ്ധദേവ് പറയുന്നു.
ബാങ്കുര, പുരുളിയ, പശ്‌ചിമ മിഡ്‌നാപ്പുര്‍ ജില്ലകളില്‍ മാവോവാദികള്‍ സജീവമായതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആ കക്ഷിയുടെ പേരു പറയാതെ അദ്ദേഹം പറഞ്ഞു. അപകടകരമായ ഘടകങ്ങളെ ചില കക്ഷികള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ബുദ്ധദേവ് ആരോപിച്ചു.
ബുദ്ധദേവിന്റെ പ്രസംഗത്തെക്കുറിച്ചു സിപിഎം മുഖപത്രമായ 'ഗണശക്‌തി' വള്ളിയാഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications