പശശ്ശിരാജ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ തകര്‍ത്തു
ആലുവ: സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിങിനോടനുബന്ധിച്ച് ആനയെഴുന്നള്ളത്തും, പാലഭിഷേകവുമെല്ലാം നടത്തി പ്രബുദ്ധ കേരളവും താരാരാധനയുടെ കാര്യത്തില്‍ തമിഴ്‌നാടിന് സമാനമാവുകയാണ്.
അടുത്തകാലത്താണ് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍ അസോസിയേഷനുകള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനും താരങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലാനും തുടങ്ങിയത്.
ഇതില്‍ പലപ്പോഴും തിരയേറ്ററുടമകള്‍ക്ക് നക്ഷത്രമെണ്ണേണ്ടുന്ന സ്ഥിതിവിശേഷമാണുണ്ടാകുന്നത്. മമ്മൂട്ടിച്ചിത്രമായ പഴശ്ശിരാജ റിലീസ് ചെയ്‌ത ആലുവ മാതാ തിയേറ്ററുകാര്‍ക്ക് ശനിയാഴ്‌ച ഉണ്ടായത് ഇത്തരത്തിലൊരനുഭവമാണ്.
ചിത്രത്തിന്റെ ശബ്ദ സംവിധാനത്തില്‍ അല്‍പനേരത്തേക്ക് തകരാര്‍ സംഭവിച്ചതിന് ആരാധകര്‍ അക്രമാസക്തരായി. സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും അഗ്നിനിയന്ത്രണ ഉപകരണങ്ങള്‍ സ്‌ക്രീനിലേയ്‌ക്ക വലിച്ചെറിഞ്ഞ് സ്‌ക്രീന്‍ നശിപ്പിക്കുകയും ചെയ്‌തു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്‌ക്കും തിയേറ്ററിന്റെ വാതിലുകളും ചില്ലുജനാലകളും ആരാധകര്‍ തകര്‍ത്തിരുന്നു. ഇതിനിടെ പ്രേക്ഷകര്‍ തമ്മിലും അടിയുണ്ടായി.
രോഷാകുലരായ ആരാധകര്‍ തിയേറ്റര്‍ ജീവനക്കാരെയും മര്‍ദ്ദിച്ചു. സിനിമ കാണാനെത്തിയ മൂന്നുപേര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications