വയലാര്‍ രവി ചട്ടംലംഘിച്ചു: കണ്ണൂര്‍ കളക്ടര്‍
കണ്ണൂര്‍: കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടുണ്ടാകാമെന്ന് കാണിച്ച് കണ്ണൂര്‍ കളക്ടര്‍ വികെ ബാലകൃഷ്‌ണന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയിലും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ പൊതു ചടങ്ങിലും മന്ത്രി വയലാര്‍ രവി പറഞ്ഞ കാര്യങ്ങള്‍ ചട്ടലംഘനമാകാമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഒപ്പിടുന്ന കരാറിനെക്കുറിച്ചാണ് മുഖാമുഖത്തില്‍ പറഞ്ഞത്. കരാര്‍ ഒപ്പിടുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നായിരുന്നു പരാമര്‍ശം.
നിര്‍മ്മലഗിരി കോളേജിലെ പൊതുപരിപാടിയില്‍ കോളേജിന് മൈതാനം നിര്‍മ്മിക്കാന്‍ അഞ്ചുലക്ഷം രൂപ കൊടുക്കുമെന്നാണ് പറഞ്ഞത്.
ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാട്ടിണിച്ച് ശനിയാഴ്ച കണ്ണൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം.പ്രകാശന്‍ എം.എല്‍.എ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ശനിയാഴ്ച പരാതി നല്‍കിയിട്ടുണ്ട്.
കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ചതായും കളക്ടര്‍ സ്വയം മാറി നില്‍ക്കണമെന്ന് പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കി. യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ മന്ത്രി ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് ചിലര്‍ തഹസില്‍ദാരെ ഘൊരാവോ ചെയ്തെന്നും പരാതിയില്‍ പറയുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് വേവലാതിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനമാണ് ചട്ട ലംഘനമാകുന്നത്. അത്തരമൊരു പ്രഖ്യാപനം വയലാര്‍ രവി നടത്തിയിട്ടില്ല.
കോളേജിലെ കളിസ്ഥലത്തിന് ധനസഹായം നല്‍കുന്ന കാര്യം പറഞ്ഞത് കണ്ണൂര്‍ മണ്ഡലത്തിലല്ല. സിപിഎമ്മിന് വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന കളക്ടറില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. സിപിഎമ്മിന് വേണ്ടിയുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയത്. അത് അവസാന വാക്കുമല്ല.
വോട്ടര്‍മാരെ ചേര്‍ക്കുന്നതിലുള്‍പ്പെടെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും-സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications