അണക്കെട്ട് പണിയുമായി ചൈന മുന്നോട്ട്
ബെയ്‌ജിങ്: ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കാതെ ചൈന സര്‍ക്കാര്‍ അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകുന്നു.
പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ പദ്ധതിപ്രദേശത്തു നിന്നും മൂന്നുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ചൈന തീരുമാനിച്ചു.
മധ്യചൈനയിലെ ഹുബെയ്, ഹെനാന്‍, പ്രവിശ്യകളിലെ 330,000 ആളുകളെയാണ് മാറ്റിപാര്‍പ്പിക്കുന്നത്. 2011ഓടെ ആളുകളെ ഈ മേഖലയില്‍ നിന്നും പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ബെയ്‌ജിങ്, ടിയാന്‍ജിന്‍, ഹെനാന്‍, ഹെബെയ് തുടങ്ങിയസ്ഥലങ്ങളില്‍ ആവശ്യമായ ജലം ലഭിക്കുന്നതിനായി യാങ്‌സെ നദിയിലെ വെള്ളം അവിടേയ്‌ക്ക് വഴിതിരിച്ചുവിടുന്നതിനുള്ള വലിയ കനാല്‍ നിര്‍മ്മിക്കുന്നതിനാണ് ആളുകളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ടിബറ്റില്‍ അണക്കെട്ട് പണിയുന്നത് അസമിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനയിലെ സര്‍ക്കാറിനെ അറിയിച്ചിരുന്നു.
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാറ്റിപ്പാര്‍പ്പിക്കല്‍ ആണിത്. നേരത്തേ മറ്റൊരു ജലവൈദ്യുത പദ്ധതിക്കായി 12ലക്ഷത്തില്‍ അധികം പേരെ ചൈന മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
അരുണാചലിലും മറ്റും അതിര്‍ത്തിയിലെ അധിനിവേശം പോലുള്ള കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ നേര്‍ത്തതോതില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ പദ്ധതികൂടിയാകുമ്പോള്‍ ഇന്ത്യയുടെ തലവേദന വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. ചൈനയുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്‍ക്കശ്യം സ്വീകരിക്കണമെന്ന് നാലുപാടുനിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications