കോണ്‍ഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ കാണും
ദില്ലി: കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്ള ക്രമക്കേടിനെക്കുറിച്ച് കോണ്‍ഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചാവ്‌ലയ്‌ക്ക് പരാതി നല്‍കും.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയുമായി ചൊവ്വാഴ്‌ച വൈകീട്ട് നാലിന് ചാവ്‌ലയെ കാണും. കണ്ണൂര്‍ എംപി സുധാകരനായിരിക്കും പരാതി ഔദ്യോഗികമായി നല്‍കുക.
നവീന്‍ ചാവ്‌ലയെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോക്ടര്‍ എസ് വൈ ഖുറൈഷി, വിഎസ് സമ്പത്ത് എന്നിവരെയും കാണാന്‍ കോണ്‍ഗ്രസ് സമയം ചോദിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പരാതിയിന്മേല്‍ അന്വേഷണം നടത്തി പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കമ്മീഷന് സ്വീകരിക്കേണ്ടിവരും.
നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം ബുധനാഴ്‌ചയാണ്. അതിന് മുമ്പ് കമ്മീഷനെക്കൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
നേരത്തേ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കണ്ണൂര്‍ മണ്ഡലത്തില്‍ നാലുമാസം കൊണ്ട് ആയിരക്കണക്കിന് വോട്ടുകള്‍ പുതുതായി ഉണ്ടായതായണ് വിവാദമായിരിക്കുന്നത്. ഇങ്ങനെ പേരുചേര്‍ക്കപ്പെട്ട പലരും കണ്ണൂര്‍ മണ്ഡലത്തിലെ താമസക്കാരല്ലെന്നാണ് ആരോപണം.












Click it and Unblock the Notifications