തേക്കടി ദുരന്തം 5പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: തേക്കടി ബോട്ട് ദുരന്തക്കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്‌കര്‍ അനീഷ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കേസില്‍ ഒരാള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി പരിഗണിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയിലിരിക്കുന്നതിനാല്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയേക്കുമാറ്റുന്നതായി ഹൈക്കോടതി അറിയിച്ചു.
പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ കോടതിക്ക് സന്തോഷമില്ലെന്നും എന്നാല്‍ രാജ്യത്തെ നിയമസംഹിതയും ഭരണവ്യവസ്ഥയും സാഹചര്യവും മാനിച്ച് ജാമ്യം അനുവദിക്കുകയാണെന്നും കോടതി പറഞ്ഞു.
ജ്യാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാറിനെയും കെടിഡിസിയെയും ബോട്ട് നിര്‍മ്മിച്ച സ്ഥാപനത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സമാനമായ ദുരന്തങ്ങളെത്തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചു.
ബോട്ട് നിര്‍മ്മിച്ച സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ബോട്ട് വെള്ളത്തിലിറക്കുന്നതിന് മുമ്പ് കെടിഡിസി മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കെടിഡിസിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി.
വിനോദസഞ്ചാരത്തിനെത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ലോകത്ത് കണ്ടിരിക്കേണ്ട പത്തുസ്ഥലങ്ങളില്‍ ഒന്നായി നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്രയും പ്രാധാന്യമേറിയ നാട്ടില്‍ ഇത്തരം അപകടങ്ങളുണ്ടാക്കുന്നത് സര്‍ക്കാറിന്റെ അശ്രദ്ധകൊണ്ടാണ്- കോടതി പറഞ്ഞു.












Click it and Unblock the Notifications