ചാരവൃത്തി: യുഎസ് ശാസ്‌ത്രജ്ഞന്‍ അറസ്റ്റില്‍
വാഷിങ്‌ടണ്‍: ചാരവൃത്തിചെയ്‌തുവെന്ന സംശയത്തില്‍ അമേരിക്കയിലെ ശാസ്‌ത്രജ്ഞനെ അറസ്റ്റുചെയ്‌തു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയിലും പ്രതിരോധ ഊര്‍ജ്ജരംഗത്തെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചുവന്ന സ്റ്റെവാര്‍ട്ട് ഡേവിഡ് നൊസെറ്റെയെന്ന ശാസ്‌ത്രജ്ഞനാണ് അറസ്റ്റിലായത്.
ഇയാളെ വാഷിങ്‌ടണിലെ കോടതിയില്‍ ഹാജരാക്കി. മേരിലാന്റ് സ്വദേശിയാണ് ഇദ്ദേഹം. ചാരവൃത്തി നടത്തിയെന്ന് വെളിപ്പെട്ടാല്‍ ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാനിടയുണ്ട്.
ഇസ്രയേല്‍ ചാരനെന്ന വ്യാജേന തന്നെ സമീപിച്ചയാള്‍ക്ക് രഹസ്യരേഖകള്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്റ്റെവാര്‍ട്ട് അറസ്റ്റിലായത്. യുഎസ് രഹസ്യാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ഇസ്രയേല്‍ ചാരനെന്ന ഭാവേന വന്നത്.
ഇയാളുമായുണ്ടാക്കിയ ധാരണപ്രകാരം ആഴ്‌ചകള്‍ക്ക് ശേഷം ഇദ്ദേഹം യുഎസ് ഉപഗ്രഹങ്ങളുടെ രഹസ്യവിവരങ്ങള്‍ ഒരു തപാല്‍ ഓഫീസ് ബോക്‌സില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുമ്പ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസായ വൈറ്റ്‌ഹൗസിലെ നാഷണല്‍ സ്‌പേസ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച ഈ ശാസ്‌ത്രജ്ഞന്‍ 2000 മുതല്‍ 2006വരെ യുഎസ് പ്രതിരോധകേന്ദ്രമായ പെന്റഗണിനും നാസയ്‌ക്കും വികസിത സാങ്കേതികവിദ്യനല്‍കുന്ന കമ്പനിക്ക് രൂപം നല്‍കി അതില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.












Click it and Unblock the Notifications