മഥുരയ്‌ക്കടുത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ചു
ലഖ്‌നൊ: യുപിയിലെ മഥുരയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അമ്പതിലേറെ യാത്രക്കാര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്‌ച പുലര്‍ച്ചെ 4.50നായിരുന്നു അപകടമുണ്ടായത്.
ഉദയ്‌പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന മേവാര്‍ എക്‌സ്‌പ്രസും ഗോവ-സമ്പര്‍ക്കക്രാന്തി എക്‌സ്‌പ്രസുമാണ് കൂട്ടിയിടിച്ചത്. മഥുര സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മഥുര ഔട്ടറില്‍ നിര്‍ത്തിയിട്ടിരുന്ന മേവാര്‍ എക്‌സ്‌പ്രസിന്റെ പിന്നില്‍ അതേ ട്രാക്കിലൂടെ വന്ന ഗോവ എക്‌സ്‌പ്രസ് ഇടിയ്‌ക്കുകയായിരുന്നു. മേവാര്‍ എക്‌സ്‌പ്രസിന്റെ പിന്നിലെ ഒരു ബോഗി പൂര്‍ണമായും തകര്‍ന്നു. രണ്ട് ബോഗികള്‍ പാളം തെറ്റി.
ഒരേ ദിശയിലേക്കു പോകുകയായിരുന്ന തീവണ്ടികള്‍ കൂട്ടിയിടിയ്‌ക്കാനിടയായതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ഒരേ സമയത്ത് ഒരേ പാളത്തിലൂടെ ഇരു തീവണ്ടികളും സഞ്ചരിച്ചതാണ് അപകടകാരണം. സിഗ്നല്‍ സംവിധാനത്തിലുണ്ടായ പാളിച്ചയാകാം ഇതിന് കാരണമെന്നു റെയില്‍വേ അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തില്‍ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. ഗ്യാസ് കട്ടറുകളുപയോഗിച്ച് ബോഗിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണു ശ്രമം. പരിക്കേറ്റവരെ മഥുരയിലേയും വൃന്ദാവനിലേയും വിവിധ ആശുപതികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള റെയില്‍ഗതാഗതം താറുമാറായി. ഈ റൂട്ടിലോടുന്ന ചില വണ്ടികള്‍ വഴിമാറ്റി വിട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10000 രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.












Click it and Unblock the Notifications