ബോട്ട് ദുരന്തം: കെടിഡിസി എംഡിയെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: തേക്കടിയിലെ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെടിഡിസി കോര്‍പ്പറേഷന്‍ എംഡി മോഹന്‍ലാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തിയാണ് ചോദ്യം ചെയ്‌തത്.
അപകടത്തില്‍പ്പെട്ട ജലകന്യക എന്ന കോര്‍പ്പറേഷന്റെ ബോട്ട് അപകടത്തില്‍പ്പെട്ട് നാല്‍പ്പതില്‍പ്പരം ആളുകളുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ വീഴ്‌ചയുണ്ടായെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണച്ചുമതല വഹിച്ച ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീലേഖ രണ്ട് ദിവസം മുമ്പ് ഡിജിപിയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യാഴാഴ്‌ചയാണ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയത്.
ഡ്രൈവറുള്‍പ്പെടെയുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കെടിഡിസി ബോട്ട് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചതെന്നും ഇത് കുറ്റകരമായ വീഴ്‌ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.


Click it and Unblock the Notifications