കൊച്ചി മെട്രോ നിര്‍മാണം ആരംഭിച്ചേക്കും
ദില്ലി: അനിശ്ചിതത്വത്തിലായ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിയ്‌ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയ്‌ക്ക് മുകളില്‍ റെയില്‍പ്പാത നിര്‍മ്മിയ്‌ക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചു. അനുമതി പകര്‍പ്പുകള്‍ സര്‍ക്കാരിനും പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്ത ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിയ്‌ക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി അടുത്ത മാസം ഉന്നതതലയോഗം വിളിയ്‌ക്കും. വിവിധ വകുപ്പുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ യോഗത്തിലേയ്‌ക്ക് വിളിയ്‌ക്കും. സംസ്‌ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ക്ക് അടിയന്തരമായി അനുമതി നല്‍കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിനു ദില്ലിയിലെത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതിയ്‌ക്ക് കാക്കാതെ നിര്‍മ്മാണം തുടങ്ങുന്നതിനാണ് സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്. എറണാകുളം നോര്‍ത്തിലും കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപത്തുമുള്ള മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണമാണ് ആദ്യപടിയായി ആലോചിയ്‌ക്കുന്നത്.
പദ്ധതിയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയ ധനമന്ത്രാലയത്തിന്റെ എതിര്‍പ്പുകള്‍ നീക്കുന്നതിനായി വിഎസ് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications