കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം വേണ്ടെന്ന്‌ വയ്‌ക്കാനാകില്ല: മന്‍മോഹന്‍

Google Oneindia Malayalam News

Manmohan Singh
ദില്ലി: കാലാവസ്ഥാ മാറ്റം നേരിടുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.

ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതു കുറയ്‌ക്കാനായി വികസ്വര രാജ്യങ്ങള്‍ക്ക്‌ വികസനം വേണ്ടെന്ന്‌ വയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്‌ച ദില്ലിയില്‍ ചേര്‍ന്ന ഉന്നത തലയോഗം ഉത്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വികസിത രാജ്യങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ ശരാശരി അളവില്‍ക്കൂടുതല്‍ ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങള്‍ പുറത്തുവിടുന്നില്ല.

പ്രതിശീര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ പരിഗണിച്ചുവേണം എല്ലാവര്‍ക്കും ബാധകമായതും ന്യായവുമായ മാനദണ്ഡങ്ങളുണ്ടാക്കാന്‍- അദ്ദേഹം നിര്‍ദ്ദേശിച്ചു.

1997ലെ ക്യോട്ടോ ഉടമ്പടിയുടെ സ്ഥാനത്ത്‌ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം വികസ്വര രാഷ്ട്രങ്ങള്‍ക്കുമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കുന്ന ആസ്‌ത്രേലിയന്‍ നിര്‍ദ്ദേശത്തെ അനുകൂലിച്ച്‌ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ ഈയിടെ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയത്‌ വിവാദമായിരുന്നു.

മറ്റു വികസ്വര രാഷ്ട്രങ്ങളുടെ നിലപാടില്‍ നിന്നും മാറി അമേരിക്കന്‍ പക്ഷത്ത്‌ ചേരുന്ന നിലപാടായിരുന്നു മന്ത്രി കൈക്കൊണ്ടത്‌. ഇക്കാര്യം ഇന്ത്യക്ക്‌്‌ സ്വീകാര്യമല്ലെന്ന്‌ പ്രധാനമന്ത്രിയുടെ നിലപാടില്‍ നിന്നും വ്യക്തമാണ്‌.

തായ്‌ലാന്റില്‍ നടക്കുന്ന അസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മന്‍മോഹന്‍ സിങ്‌ വെള്ളിയാഴ്‌ച യാത്ര തിരിക്കും. ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണമാണ്‌ ഉച്ചകോടിയുടെ മുഖ്യ അജണ്ട.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X