• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒഎന്‍വിയുടെ ഇന്നിങ്‌സ്‌ കഴിഞ്ഞു: ടി പത്മനാഭന്‍

കൊച്ചി: വിവാദപരാമര്‍ശങ്ങളുമായി കതാകൃത്ത്‌ ടി പത്മനാഭന്‍ വീണ്ടും രംഗത്ത്‌. ഇത്തവണ ഒഎന്‍വി, അക്കിത്തം, സുഗതകുമാരി എന്നിവര്‍ക്കെതിരെയാണ്‌ പത്മനാഭന്‍ അമ്പു തൊടുത്തിരിക്കുന്നത്‌.

ഒഎന്‍വി, അക്കിത്തം, സുഗതകുമാരി, വിഷ്‌ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെയെല്ലാം ഇന്നിങ്‌സ്‌ കഴിഞ്ഞുവെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരര്‍ത്ഥത്തില്‍ ഇവരെല്ലാം ഇന്നിങ്‌സ്‌ കഴിഞ്ഞ്‌ പവലിയനിലേയ്‌ക്ക്‌ മടങ്ങിയവരാണ്‌. ഇവരുടെ കാലശേഷം കവിത റെഡ്‌ ബുക്കില്‍ കയറും. മലയാള കവിത ഇന്ന്‌ സാഹിത്യത്തിന്റെ റെഡ്‌ ബുക്കിലേക്ക്‌ നീങ്ങുകയാണ്‌. വംശനാശം വന്ന മൃഗങ്ങളും പാമ്പുകളും മറ്റും ഏത്‌ വര്‍ഷം വരെ ജീവിച്ചിരുന്നുവെന്ന്‌ രേഖപ്പെടുത്തുന്നതാണ്‌ റെഡ്‌ ബുക്ക്‌. മലയാള കവിതയും സമാനമായ ദുസ്ഥിതിയിലാണ്‌- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ത്തന്നെ കവിതയുണ്ടോയെന്ന്‌ സംശയമാണ്‌. ശുഷ്‌കമായ ഗദ്യം മൂന്നോ നാലോ ആയി മുറിച്ച്‌ മേല്‍ക്കുമേല്‍ അടിച്ചശേഷം മുകളില്‍ കവിതയെന്ന്‌ എഴുതിവയ്‌ക്കും. ഈ ശുഷ്‌കമായ അട്ടിയില്‍ നിന്ന്‌ ഏതെങ്കിലും തരത്തിലുള്ള ആത്മസംതൃപ്‌തി ആഗ്രഹിക്കേണ്ടതില്ല.

അതേസമയം കവിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള ഗദ്യം വളരെയേറെ മെച്ചമാണ്‌. സാഹിത്യത്തിലെ അന്ധകാരത്തില്‍ ഇടക്കെങ്കിലും ഈ ഗദ്യത്തിന്റെ സ്‌ഫുലിംഗങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്‌-പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

സാഹിത്യകാരന്‍ രൂപേഷ്‌ പോളിനെയും ഭാര്യ ഇന്ദു മേനോനെയും പത്‌നാഭന്‍ കണക്കറ്റ്‌ വിമര്‍ശിച്ചു. മുമ്പ്‌ ഒരു യുവ കവി പ്രകാശനം ചെയ്‌ത കവിതയുടെ മുഖചിത്രവും അവതാരികയും അശ്ലീലമായിരുന്നു. പശുക്കളുടെ സ്വവര്‍ഗ ബന്ധത്തെക്കുറിച്ച്‌ എഴുതിയ ഇദ്ദേഹത്തിന്റെ ഭാര്യയും സാഹിത്യകാരിയാണ്‌.

പിന്നീട്‌ സിനിമയിലെത്തിയ ഈ ദമ്പതികളെ വാര്‍ണര്‍ ബ്രദേഴ്‌സ്‌ അമേരിക്കയിലേക്ക്‌ കൊണ്ടുപോയി. ഇവരുടെ സാഹിത്യശല്യമില്ലാതാക്കിയ വാര്‍ണര്‍ ബ്രദേഴ്‌സ്‌ നീണാള്‍ വാഴട്ടെ. ഇത്തരം കാര്യങ്ങള്‍ ഏറ്റുപറയുന്നവരെ പുതിയ സാഹിത്യകാരന്മാര്‍ കല്ലെറിയുകയാണ്‌- എന്നിങ്ങനെ പേരെടുത്തുപറയാതെയാണ്‌ രൂപേഷിനെയും ഇന്ദുമേനോനെയും വിമര്‍ശിച്ചത്‌.

വ്യാഴാഴ്‌ച സമസ്ഥ കേരള സാഹിത്യപരിഷത്‌ സംഘടിപ്പിച്ച ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി ഉത്‌ഘാടനവേളയിലാണ്‌ പത്മനാഭന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌.

അല്‍പവിഭവക്കാരായ ഇപ്പോഴത്തെ പെണ്ണെഴുത്തുകാരില്‍ നിന്നും വ്യത്യസ്‌തരാണ്‌ ലളിതാംബിക അന്തര്‍ജനവും സരസ്വതിയമ്മയുമെല്ലാം. പെണ്ണെഴുത്തിന്റെ നിയോജക മണ്ഡലമുണ്ടാക്കി. അതില്‍ക്കയറി ബഹളം സൃഷ്ടിച്ച്‌ നിയമസഭയില്‍ പ്രവേശനം കാംക്ഷിക്കുന്നവരാണ്‌ ഇപ്പോഴത്തെ പല വനിതാ എഴുത്തുകാര്‍- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X