നാട്ടുകാര്‍ മന്ത്രിയുടെ കാര്‍ തകര്‍ത്തു
കായംകുളം: റോഡപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അരമണിക്കൂര്‍ റോഡില്‍ക്കിടന്നിട്ടും പൊലീസ് എത്താത്തതില്‍ കുപിതരായ ജനങ്ങള്‍ അതുവഴി വന്ന മന്ത്രിയുടെ കാര്‍ ആക്രമിച്ചു.
ഭക്ഷ്യമന്ത്രി സി ദിവാകരന്റെ കാറിനുനേരെയാണ് ജനങ്ങള്‍ ആക്രമണം നടത്തിയത്. കാറിന്റെ ചില്ല് ജനക്കൂട്ടം തച്ചുടച്ചു. മന്ത്രിയ്‌ക്കകമ്പടിയെത്തിയ പൊലീസ് അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.
ദേശീയ പാതയില്‍ കൃഷ്‌ണപുരത്താണ് വ്യാഴാഴ്‌ച രാത്രി ഒന്‍പതുമണിക്ക് സംഭവം നടന്നത്. കൃഷ്‌ണപുരം മുക്കട ജങ്‌ഷനടുത്താണ് മോട്ടോര്‍ബൈക്ക് സ്‌പീഡ് ബ്രേക്കറില്‍ തട്ടി യുവാവ് മരിച്ചത്. അപകടവിവരം അറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയിരുന്നില്ല.
റോഡിലെ സ്‌പീഡ് ബ്രേക്കര്‍ വൈകീട്ട് ആറുമണിയോടെ മാറ്റുന്നതാണ് പതിവ്. എന്നാല്‍ രാത്രിയായിട്ടും സ്‌പീഡ് ബ്രേക്കര്‍ മാറ്റിയിരുന്നില്ല. രാത്രി എട്ടരയോടെയാണ് ബൈക്കപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി റജി(26)ആണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന കരുവാറ്റ സ്വദേശി ബിജു(27)നെ ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി പത്തുമണിക്കും സ്ഥലത്ത് വന്‍ ജക്കൂട്ടമാണുണ്ടായിരുന്നത്. പത്തുമണിയോടെ പൊലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ജനക്കൂട്ടതിന് നേരെ ലാത്തിവീശി.
ഈ സമയത്ത് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്പീക്കര്‍ കെ രാധാകൃഷ്‌ണന്‍ സംഭവസ്ഥലത്ത് കാര്‍ നിര്‍ത്തി. മന്ത്രി പിന്നീട് ഇദ്ദേഹത്തോടൊപ്പമാണ് തിരുവനന്തപുരത്തേക്ക് പോയത്. മന്ത്രിയുടെ കാര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 20പേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications