കപ്പല്‍ തട്ടിയെടുത്തു; 24 ഇന്ത്യക്കാര്‍ ബന്ദികള്‍
ബ്രസല്‍സ്: 24 ഇന്ത്യന്‍ ജീവനക്കാരുമായി പോവുകയായിരുന്ന പനാമ ചരക്കുക്കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. എംവി അല്‍ഖാലിഫ് എന്ന കപ്പലാണ് സൊമാലിയന്‍ കടലില്‍വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. കപ്പലിലുള്ള ബാക്കി രണ്ടുപേര്‍ മ്യാന്‍മറുകാരാണ്. ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയാണ്.
സെയ്‌ഷെല്‍സ് തീരത്ത് വെച്ചാണ് കപ്പല്‍ തട്ടിക്കൊണ്ടു പോയതെന്ന് അന്താരാഷ്ട്ര മാരിടൈം അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 15ന് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സിംഗപ്പൂര്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം. ആറ് കൊള്ളക്കാരാണ് കപ്പല്‍ തട്ടിയെടുത്തതെന്നും മറ്റുരണ്ട് ആക്രമണ ബോട്ടുകള്‍ കപ്പലിനെ പിന്തുടര്‍ന്നെന്നും യൂറോപ്യന്‍ യൂണിയന്റെ കടല്‍ക്കൊള്ള വിരുദ്ധ നാവികസേന പറഞ്ഞു.
അതിനിടെ, ജോളി റോസോയെന്ന ഇറ്റാലിയന്‍ ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള കൊള്ളക്കാരുടെ ശ്രമം പരാജപ്പെട്ടു. ഒമ്പതുമാസത്തിനുള്ളില്‍ കപ്പലുകള്‍ക്കു നേരെയുണ്ടായ 306ഓളം ആക്രമണങ്ങളില്‍ പകുതിയിലേറെയും സൊമാലിയന്‍ കടല്‍കൊള്ളക്കാരാണ് നടത്തിയത്.












Click it and Unblock the Notifications