പോള്‍ വധവും മേഴ്‌സി രവിയുടെ മരണവും ചോദ്യാവലിയില്‍
കോട്ടയം: പോള്‍ മുത്തൂറ്റ് വധവും മേഴ്‌സി രവിയുടെ മരണവും ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ ചോദ്യപ്പേപ്പറില്‍.
പോള്‍ വധക്കേസില്‍ ടിവി ചാനലുകളുടെ റിപ്പോര്‍ട്ടിങിനെയും മേഴ്‌സി രവിയുടെ മരണവാര്‍ത്തക്കായി കൂടുതല്‍ താളുകള്‍ മാറ്റിവച്ചതിനെയും കുറിച്ചാണ് ചോദ്യങ്ങള്‍.
ശനിയാഴ്‌ച നടന്ന മിഡ് ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യാവലിയില്‍ മേഴ്‌സി രവി മരണവും പോള്‍ വധവും യഥാക്രമം ഏഴും എട്ടും ചോദ്യങ്ങളായിട്ടാണ് വന്നത്. സെപ്‌റ്റംബര്‍ ഏഴിന് മേഴ്‌സി രവിയുടെ മരണവാര്‍ത്തയുമായി പുറത്തിറങ്ങിയ ഒരു മലയാള പത്രത്തിന്റെ പേര് പറഞ്ഞാണ് ചോദ്യം.
ഒന്നം പേജില്‍ മേഴ്‌സിയുടെ വലിയ ചിത്രവും വാര്‍ത്തയും കൊടുക്കുകയും വീണ്ടും ഉള്ളിലെ പേജില്‍ അവരുടെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും കൊടുത്തത് അധികാരവും സമ്പത്തും എങ്ങനെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് കിങ് ഹു ലിംപ്‌ഡ് എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി വിലയിരുത്തി പത്രാധിപര്‍ക്ക് അയക്കുന്ന കത്ത് എഴുതാനാണ് നിര്‍ദ്ദേശം.
പോള്‍ വധക്കേസിലെ രണ്ടു പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് കൊണ്ടുവന്നപ്പോള്‍ പൊലീസിനൊപ്പം ഉണ്ടായിരുന്ന വിവിധ ചാനല്‍, പത്ര ലേഖകരുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് സൂക്ഷമമായി വിശകലനം ചെയ്യാനായിരുന്നു അടുത്ത ചോദ്യം.
ഈ ചോദ്യങ്ങളുള്‍പ്പെട്ട ചോദ്യാവലിയെ വിമര്‍ശിച്ചുകൊണ്ട് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്തരിച്ച മേഴ്‌സി രവിയെ അധിക്ഷേപിക്കാന്‍ മനപ്പൂര്‍വ്വം ചോദ്യങ്ങള്‍ നിര്‍മ്മിച്ചത് സിപിഎം അനുകൂല സംഘടനയായ കെഎസ്‌ടിഎ ആണെന്ന് ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.












Click it and Unblock the Notifications