ചവാനും ഹൂഡയും മുഖ്യമന്ത്രിമാരായി തുടരും
ദില്ലി: മഹാരാഷ്ട്രയില്‍ അശോക് ചവാനെയും ഹരിയാനയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയെയും വീണ്ടും മുഖ്യമന്ത്രിമാരായി നിയോഗിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ശനിയാഴ്‌ച അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്‌ധിയാണ് ഇരുവരുടെയും പേരുകള്‍ പ്രഖ്യാപിച്ചത്.
അശോക് ചവാന്‍, നാരായണ്‍ റാണെ, വിലാസ് റാവു ദേശ്‌മുഖ് എന്നീ മഹാരാഷ്‌ട്രയില്‍ നിന്നുള്ള നേതാക്കളുമായി കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചവാന്റെ പേര് തീരുമാനിച്ചത്.
നേരത്തെ ഇരുസംസ്ഥാനങ്ങളിലേയും എംഎല്‍എമാരും കേന്ദ്രനിരീക്ഷകരും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് തീരുമാനം സോണിയ ഗാന്ധിയ്‌ക്കു വിടുകയായിരുന്നു.
മഹരാഷ്ട്ര മുഖ്യമന്ത്രിയുടെ ചുമതല തന്നെ ഏല്‍പ്പിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടു നന്ദി പറയുന്നതായി അശോക് ചവാന്‍ പറഞ്ഞു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു. 288 അംഗ മഹരാഷ്ട്ര നിയമസഭയില്‍ കോണ്‍ഗ്രസ്‌എന്‍സിപി സഖ്യത്തിനു 144 സീറ്റുണ്ട്. ഇതില്‍ 81 സീറ്റ് കോണ്‍ഗ്രസിനാണ്.
ഹരിയാനയില്‍ മുഖ്യമന്ത്രി സ്‌ഥാനത്തിനായി കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ അവസാനം വരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്ക് വീണ്ടും അവസരം നല്‍കുകയായിരുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ കോണ്‍ഗ്രസിന് നാല്‍പ്പതു സീറ്റുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റ് വേണ്ടിയിരുന്ന കോണ്‍ഗ്രസ് ഏഴു സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.












Click it and Unblock the Notifications