ദീര്‍ഘകാല അവധിയെടുക്കുമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ചട്ടപ്പടി സമരം തുടരുന്ന മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി പികെ ശ്രീമതി തിങ്കളാഴ്‌ച അനൗപചാരിക ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഔപചാരിക ചര്‍ച്ചകള്‍ക്ക് തടസ്സമുണ്ടെന്നതിനാലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.
സമരത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതിലും കെജിഎംസിടിഎ നേതാക്കളെ സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സമരത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഒപി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരുടെയും 22 മുതല്‍ പിജി അധ്യാപനത്തിനും സെമിനാറുകള്‍ക്കും എത്താതിരിരുന്നവരുടെയും പട്ടിക നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും സ്‌ഥലം മാറ്റിയ രണ്ട് ഡോക്‌ടര്‍മാരുടെ സ്‌ഥലംമാറ്റ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍തിങ്കളാഴ്‌ച മുതല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമെന്ന് തിരുവനന്തപുരം കെജിഎംസിടിഎ യൂണിറ്റിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അധ്യാപകക്ഷാമം പരിഹരിക്കുന്നതിനാണ് സ്‌ഥലംമാറ്റ നടപടിയെന്നും ഉത്തരവ് പിന്‍വലിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റായിരുന്ന ഡോക്ടര്‍ അനിലിന്റേയും സെക്രട്ടറി ജോബി ജോണിന്റേയും രാജി സംഘടന സ്വീകരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഘടനയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് തൃശൂര്‍ കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഡോക്ടര്‍ നാരായണ്‍ ഗോവിന്ദരാജ് ശനിയാഴ്‌ച സംഘടയില്‍ നിന്നു രാജിവെച്ചിരുന്നു.












Click it and Unblock the Notifications