കത്രിക മറന്നു; ഡോക്ടര്‍ക്കും നഴ്‌സിനും തടവ്
കുന്ദമംഗലം: ശസ്‌ത്രക്രിയയ്‌ക്ക് ശേഷം രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച കേസില്‍ ഡോക്ടര്‍ക്കും നഴ്‌സിനും തടവുശിക്ഷ.
കേസിലെ ഒന്നാം പ്രതി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ശസ്‌ത്രക്രിയാവിഭാഗം തലവന്‍ ഡോക്ടര്‍ കെകെ രാജന്‍, അഞ്ചാം പ്രതി സ്‌റ്റാഫ് നഴ്‌സ് സിസി ആന്റണി എന്നിവരെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രാജേഷ് മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. മറ്റു പ്രതികളായ ഡോക്ടര്‍ പവിത്രന്‍, ഡോക്ടര്‍ അയൂബ്, ഡോക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ കോടതി വെറുതെ വിട്ടു.
2005 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചീക്കിലോട് സ്വദേശി അച്യുതന്‍ നായരുടെ വയറ്റില്‍ നിന്ന് ശസ്‌ത്രക്രിയയിലൂടെ മുഴ നീക്കംചെയ്‌തപ്പോഴാണ് കത്രിക വയറ്റില്‍ വെച്ചുമറന്നത്.
പിന്നീട് ഒരു വര്‍ഷത്തിന് ശേഷം വയറുവേദനയും ഛര്‍ദിയും മൂലം അച്യുതന്‍ നായരെ ആശുപത്രയില്‍ കൊണ്ടു വന്നപ്പോള്‍ എടുത്ത എക്‌സറേയിലാണ് കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. അച്യുതന്‍നായര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.












Click it and Unblock the Notifications