തേക്കടി: പ്യാരിലാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ നിര്‍മാണ അപാകതയെക്കുറിച്ച് അന്വേഷിച്ച പ്യാരിലാല്‍ ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നാലു കാരണങ്ങളാണ് അപകടത്തിനു വഴിവച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ടിന്‍റെ ചെരിവും നിര്‍മാണത്തിലെ മറ്റു അപാകതകളും സാങ്കേതികമായി തെളിയിക്കുന്ന അനിമേഷന്‍ ചിത്രങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.
നിര്‍മാണത്തിലും ഭരണതലത്തിലും പരിശോധന- രൂപകല്‍പ്പന എന്നിവയിലും വന്‍ വീഴ്ചകള്‍ പറ്റിയതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബോട്ടിന്റെ നിര്‍മാണത്തിന്‍റെ ടെന്‍ഡര്‍ പരിശോധിച്ചതു മതിയായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരാണ്.
രൂപകല്‍പ്പനയിലെ തകരാര്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും തിരുത്താനോ മുന്‍കരുതല്‍ എടുക്കാനോ അധികൃതര്‍ തയാറായില്ലെന്നു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 188 പേജുകള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.
ബോട്ട് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുണ്ടായ വീഴ്ചകള്‍ നാലായി തിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭരണതലത്തിലും വീഴ്‌ചകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ബോട്ട് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയപ്പോള്‍ കെടിഡിസിയും ടൂറിസം വകുപ്പും വ്യക്തമായ പഠനം നടത്തിയിരുന്നില്ലെന്നും ജലകന്യക ബോട്ടിന്‍റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന 'യാര്‍ഡ്' മേലുദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലകന്യകയുടെ ഡ്രൈവര്‍ ബോട്ട് ഓടിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ബോട്ടിന് ചെരിവുണ്ടെന്ന കാര്യം മേലധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് കാര്യമായി പരിഗണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്യാരിലാലിന്‍റെ അന്തിമറിപ്പോര്‍ട്ട് ലഭിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 'ജലകന്യക' ബോട്ടിന് 2.1 ഡിഗ്രി ചെരിവുണ്ടായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോട്ടിന് വലതുഭാഗത്തേക്ക് 2.1 ഡിഗ്രി ചെരിവുണ്ടായിരുന്നു. ബോട്ടിലെ മുകളിലത്തെ ഡെക്കിലേക്ക് ദിശമാറി ഗോവണി സ്ഥാപിച്ചത് ബോട്ടിന്‍റെ ബാലന്‍സ് നഷ്‌ടപ്പെടാന്‍ കാരണമായി. നിര്‍മ്മാണത്തിലെ പാളിച്ചയും രൂപകല്പനയിലെ അപാകതയും അപകടത്തിന് കാരണമായി- എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പരമാര്‍ശങ്ങളെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications