യുഎസില്‍ 52 ബാലവേശ്യകളെ മോചിപ്പിച്ചു
വാഷിങ്‌ടണ്‍: അമേരിക്കയില്‍ വന്‍ സെക്‌സ് മാഫിയ വേട്ട. എഫ്‌ബിഐയും നിയമപാലകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികളായ 52 ലൈംഗികത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
മാഫിയാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന 60 ഇടനിലക്കാരുള്‍പ്പെടെ 700ഓം പേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്. 36 നഗരങ്ങളിലായി മൂന്നു ദിവസം നടത്തിയ റെയ്‌ഡിലാണ് ഇത്രയും പേര്‍ അറസ്‌റ്റിലായത്.
ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളെല്ലാവരും 18വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. പത്തുവയസ്സില്‍ താഴെമാത്രം പ്രായമുള്ള കുട്ടികളും ഇക്കൂട്ടത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബാലവേശ്യാവൃത്തി അമേരിക്കയില്‍ ഒരു വന്‍ സാമൂഹിക വിപത്തായി മാറുകയാണെന്നതിന്റെ സൂചനയാണിതെന്ന് എഫ്‌ബിഐ സഹമേധാവി കെവിന്‍ പെര്‍കിന്‍സ് പറഞ്ഞു.
ലോറിത്താവളങ്ങള്‍, ചൂതാട്ടകേന്ദ്രങ്ങള്‍, വെബ് സൈറ്റുകള്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് കുട്ടികളെ മോചിപ്പിച്ചത്.
ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗികവൃത്തികള്‍ക്കായി വില്‍ക്കാന്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 30 എഫ്‌ബിഐ ഡിവിഷനുകള്‍ റെയ്‌ഡില്‍ പങ്കാളികളായി.












Click it and Unblock the Notifications