മുല്ലപ്പെരിയാര്‍: സുരക്ഷ പ്രധാനമെന്ന് കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കം സംബന്ധിച്ച അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തീരുമാനം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.
അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാനമെന്നും അതില്‍ ഒരു വിട്ടുവീഴ്‌ചയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടിലെ ജലസംഭരണിയുടെ ശേഷി 136 അടിയില്‍ നിന്നും 142 അടിയാക്കുന്നത് സുരക്ഷയെ ബാധിക്കുമോയെന്ന കാര്യമാണ് വിദഗ്‌ധ സമിതി പരിശോധിക്കുക.
മൂന്ന് വര്‍ഷം മുമ്പാണ് കേന്ദ്രജലകമ്മീഷന്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിച്ചതെന്നകാര്യം കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്ന കാര്യം രണ്ട് അഭിഭാഷകരും ചര്‍ച്ച ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
സുരക്ഷ പരിശോധിക്കുന്നതിന് തമിഴ്‌നാടിന് എതിര്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ അറിയിച്ചു. കേന്ദ്രജലകമ്മീഷനെ തന്നെ സുരക്ഷ പരിശോധിക്കാനായി നിയോഗിക്കുന്നതിനെക്കുറിച്ച് കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേരളം പറഞ്ഞത്.
തുടര്‍ന്ന് ജലമ്മിഷനിലെ മൂന്ന് പ്രതിനിധികളും സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വീതം പ്രതിനിധികളുമടങ്ങുന്ന സ്വതന്ത്ര സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചും കോടതി ആരാഞ്ഞു. ഇതിലും ജലകമ്മീഷന്റെ സാന്നിധ്യത്തില്‍ വിയോജിപ്പുണ്ടെന്ന് കേരളം അറിയിച്ചു. തുടര്‍ന്നാണ് ഇരുസംസ്ഥാനങ്ങളിലെയും അഭിഭാഷകരോട് യോജിച്ചൊരു തീരുമാനത്തിലെത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ചെറിയ ഭൂചലനമുണ്ടായാല്‍പ്പോലും മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടത്തിലായേക്കാമെന്ന് റൂര്‍ക്കി ഐഐടിയിലെ വിദഗ്‌ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പഠനം പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നിലപാടിന് ഏറെ ബലം നല്‍കുന്നു.
ഇതിനിടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് വാശിപിടിക്കുന്ന നിലപാട് ശരിയാണോയെന്ന് തമിഴ്‌നാട് ഇനിയും ചിന്തിക്കണമെന്ന് കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ആരെയും അപകടപ്പെടുത്താതെ തമിഴ്‌നാടിന് വെള്ളം കൊടുക്കുകയെന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications