ഓംപ്രകാശും കൂട്ടരും വന്നതെന്തിന്? കോടതി
കൊച്ചി: കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റ് ജോര്‍ജ്ജിനൊപ്പം ഗുണ്ടകളായ ഓംപ്രകാശും രാജേഷും എത്തിയത് എന്തിനാണെന്ന് അന്വേഷിക്കേണ്ടതല്ലേയെന്ന് കോടതിയുടെ ചോദ്യം.
ചൊവ്വാഴ്‌ച പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് അന്വേഷണത്തില്‍ വീഴ്‌ചയുണ്ടെന്ന് തോന്നിക്കുന്ന വിധത്തില്‍ കോടതി ക്രൈംബ്രാഞ്ചിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.
പോളിനടുത്തേക്ക് ഓംപ്രകാശും കൂട്ടുകാരനും എത്തിയതെന്തിനെന്ന് സാധാരണ ഗതിയില്‍ അന്വേഷണ സംഘം ആരായേണ്ടതാണ്. പോളിന് ശത്രുക്കളുണ്ടായിരുന്നുവെന്നത് ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനും ശ്രദ്ധിക്കേണ്ടകാര്യമാണ്- കോടതി പറഞ്ഞു.
കേസന്വേഷണത്തെ ചോദ്യം ചെയ്യുന്നരീതിയില്‍ ഇക്കാര്യങ്ങള്‍ തോന്നിയേക്കാം. എന്നാല്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നിരീക്ഷണമാണെന്ന് കരുതരുതെന്നും കോടതി പറഞ്ഞു.
കേസിലെ എല്ലാ സാധ്യതകളും ആകസ്‌മികമായുണ്ടായേക്കാവുന്ന കാര്യങ്ങളും തുറന്ന മനസ്സോടെ അന്വേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറള്‍ വിജി ഗോവിന്ദന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ഉറപ്പ് സ്വാഗതാര്‍ഹമാണ്. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കണമെന്നും കുറ്റവാളികള്‍ ശിക്ഷക്കപ്പെടാതെ പോകരുതെന്നും ആഗ്രഹമുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്- കോടതി പറഞ്ഞു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ജസ്‌റ്റിസ് കെടി ശങ്കരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications