ഇന്ത്യ ആക്രമിക്കാനുള്ള പദ്ധതി എഫ്‌ബിഐ തകര്‍ത്തു
വാഷിങ്‌ടണ്‍: ഇന്ത്യ ആക്രമിക്കാനുള്ള പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയ്‌ബയുടെ പദ്ധതി പരാജയപ്പെടുത്തിയതായി എഫ്‌ബിഐ പറഞ്ഞു.
അമേരിക്കന്‍ പൗരനെ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നുവത്രേ ലഷ്‌കറിന്റെ പദ്ധതി. ഒക്ടോബര്‍ ആദ്യവാരത്തില്‍ അറസ്റ്റിലായ ഡേവിഡ് കോളെമന്‍ ഹെഡ്‌ലി(49)യില്‍ നിന്നുമാണ് എഫ്‌ബിഐയ്‌ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
ഫിലാഡാല്‍ഫിയ പഴി പാക്കിസ്ഥാനിലേക്ക് പോകുന്നതിനായി ഒഹര്‍ അന്താരാഷ്ട്ര വമാനത്തില്‍ എത്തിയപ്പോഴാണ് ഇയാളെ എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ അറസ്‌റ്റുചെയ്‌തത്.
പാക് വംശജനായ കനേഡിയന്‍ പൗരന്‍ തുഹവൂര്‍ ഹുസൈന്‍ റാണ(48) ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെയും എഫ്‌ബിഐ അറസ്റ്റുചെയ്‌തിട്ടുണ്ട്.
അറസ്റ്റിലായ ഹെഡ്‌ലി ലഷ്‌കറിന്റെ ഒട്ടേറെ നേതാക്കളുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നകാര്യം സമ്മതിച്ചിട്ടുണ്ട്. ഹീഡ്‌ലിക്ക് ഇല്യാസ് കശ്മീരി അടക്കം നിരവധി ലഷ്‌കര്‍ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് എഫ്‌ബിഐ കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നത്.
ഇയാള്‍ കശ്മീരിയുമായും മറ്റ് നേതാക്കളുമായും ഇ-മെയിലിലൂടെ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എഫ്‌ബിഐ പറയുന്നു. ഡാനിഷ് ആക്രമണ പദ്ധതിക്ക് നടപ്പാക്കാന്‍ താമസമുണ്ടോ എന്നും ആക്രമണങ്ങള്‍ നിശ്ചയിക്കുന്നതിനായാണോ ഇന്ത്യന്‍ സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ഇയാള്‍ ഒരു മെയിലില്‍ ചോദ്യമുന്നയിച്ചു എന്നും എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.
ഹീഡ്‌ലിയുമായി ബന്ധമുള്ള കശ്മീരി ഒഴികെയുള്ള ലഷ്‌കര്‍ നേതാക്കളെ തിരിച്ചറിയാന്‍ എഫ്‌ബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ത്യക്കെതിരെ ആക്രമണ പദ്ധതി തയ്യാറാക്കുന്നതിന് ഹീഡ്‌ലിക്ക് മുഖ്യ പങ്ക് നല്‍കിയിരുന്നതായി ഇ-മെയിലുകളില്‍ നിന്ന് വ്യക്തമാണെന്ന് എഫ്ബിഐ സമര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications