ഡോക്ടര്‍ സമരം പിന്‍വലിച്ചു
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന ചട്ടപ്പടി സമരം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സംഘടനയുടെ ഭൂരിപക്ഷം യൂണിറ്റുകളും സമരം പിന്‍വലിയ്‌ക്കണമെന്ന ആവശ്യം ഉന്നിയച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
സ്വകാര്യപ്രാക്‌ടീസ് എന്ന ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നുകൊണ്ടുള്ള സമരം ജനവികാരം എതിരാക്കുമെന്ന അഭിപ്രായത്തിന് യോഗത്തില്‍ മേല്‍ക്കൈ ലഭിച്ചു. സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതില്‍ സംഘടനയ്‌ക്കുള്ളില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് ഓപ്‌ഷണലായി നിലനിര്‍ത്തണമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജിഎംസിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ഡോക്‌ടര്‍മാരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി പിന്‍വലിയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമരവുമായി മുന്നോട്ട് പോവേണ്ട എന്ന നിലപാടായാരുന്നു തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് യൂണിറ്റുകള്‍ക്ക്. എന്നാല്‍ സമരം തുടരണമെന്നായിരുന്നു കോട്ടയം യൂണിറ്റിന്റെ അഭിപ്രായം.
സ്വകാര്യ പ്രാക്‌ടീസ് നിരോധനം ബാധിക്കുന്നത് ജനങ്ങളെയാണെങ്കില്‍ അവര്‍ പ്രതികരിക്കട്ടെ എന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.
സമരം നിര്‍ത്താനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡോക്‌ടര്‍മാര്‍ക്കെതിരെ സ്വീരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിയ്‌ക്കുമെന്നും കെജിഎംസിടിഎ തീരുമാനത്തോട് ആരോഗ്യമന്ത്രി പികെ ശ്രീമതി പ്രതികരിച്ചു.












Click it and Unblock the Notifications