പോള്‍ വധം സിബിഐ അന്വേഷിക്കണമെന്ന് പിതാവ്
കൊച്ചി: പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ എംജി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വെള്ളിയാഴ്‌ച രാവിലെയാണ് ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പോള്‍വധവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിയ്‌ക്കുന്നു. അന്വേഷണം തെറ്റായ ദിശയിലാണെന്നും സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയിലുണ്ട്.
അസംഭവനീയമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തോട് അനുബന്ധിച്ചുള്ള പല സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം ചില കാര്യങ്ങളിലേക്ക് മാത്രം ഒതുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്വേഷണത്തിനിടെ ഉണ്ടായി.
കൊല്ലപ്പെടുമ്പോള്‍ പോളിനോടൊപ്പം ഉണ്ടായിരുന്നു ഓംപ്രകാശിനെക്കുറിച്ചും പുത്തന്‍പാലം രാജേഷിനെക്കുറിച്ചും കാര്യമായ അന്വേഷണം നടന്നെങ്കിലും ഒപ്പമുണ്ടായിരുന്ന മനുവിനക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പതിനെട്ട് വസ്‌തുതകള്‍ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം പോളിന്റെ കുടുംബം ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
പ്രധാനപ്രതിയുടെ രാഷ്‌ട്രീയബന്ധവും അന്തര്‍സംസ്ഥാന ബന്ധവും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications