കശ്‌മീരില്‍ പ്രീപെയ്‌ഡ് മൊബൈലിന് നിരോധനം
ജമ്മു: ഗുരുതരമായ സുരക്ഷാഭീഷണി കണക്കിലെടുത്ത് ജമ്മുകശ്‌മീരില്‍ പ്രീപെയ്‌ഡ് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ നിരോധനം നിലവില്‍വരും.
മതിയായ പരിശോധന കൂടാതെയാണ് പ്രീപെയ്‌ഡ് സേവനദാതാക്കളും കമ്പനികളും മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്നതെന്നും ഇത് സുരക്ഷാഭീഷണിയുണ്ടാക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
ജമ്മുകശ്‌മീരില്‍ പുതുതായി പ്രീപെയ്‌ഡ് ഫോണ്‍ കണക്ഷനുകള്‍ അനുവദിക്കില്ല. നവംബര്‍ ഒന്നിന് ശേഷം പഴയ കണക്ഷനുകള്‍ പുതുക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
തീരുമാനം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം വാര്‍ത്താവിനിമയ വകുപ്പിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് റോമിംഗ് സൌകര്യം ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
38 ലക്ഷത്തോളം വരുന്ന പ്രീപെയ്‌ഡ് വരിക്കാരെയാണ് ഇത് ബാധിക്കുക. വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്ഷന്‍ നേടുന്നതിന് പുറമേ ഒരാള്‍ക്ക് ഒന്നിലേറെ കണക്ഷനുകള്‍ ലഭിക്കുന്നതായും കണ്ടെത്തിയിരുന്നു.
സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ കണക്ഷനുകള്‍ പോസ്റ്റ്‌പെയിഡിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം കശ്‌മീരിലെത്തിയ ആഭ്യന്തരമന്ത്രി പി.ചിദംബരം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 19 ലക്ഷം കണക്ഷനുകളുമായി ഇവിടെ എയര്‍ടെല്ലാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മൊബൈല്‍ സേവനദാതാക്കള്‍. തൊട്ടുപിന്നില്‍ 12 ലക്ഷം കണക്ഷനുമായി ബിഎസ്‌എന്‍എല്ലുമുണ്ട്. എയര്‍സെല്ലിന് ഏഴുലക്ഷം കണക്ഷനുകളാണുള്ളത്.
അതിനിടെ പ്രീപെയ്‌ഡ് കണക്ഷന്‍ നിരോധനത്തിനെതിരെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) രംഗത്തെത്തി. ഈ ഉത്തരവ് റദ്ദാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി ആവശ്യപ്പെട്ടു.












Click it and Unblock the Notifications