കേരളത്തിന് 1200കോടിയുടെ ലോകബാങ്ക് വായ്‌പ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള ലോകബാങ്ക് വായ്‌പ സംബന്ധിച്ച വ്യവസ്‌ഥകളില്‍ ഏകദേശ ധാരണയായി. 40 വര്‍ഷത്തെ തിരിച്ചടവ് കാലാവധിക്കു 0.125 ശതമാനം പലിശയ്‌ക്കാണ് ധാരണ.
തുക സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും ജലനിധി പദ്ധതിയെ ഉള്‍പ്പെടുത്തി 1200 കോടി രൂപയ്‌ക്കു മേല്‍ ലഭിക്കാനാണ് സാധ്യത. സര്‍ക്കാര്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗീത സേഥി അറിയിച്ചിട്ടുണ്ട്. ജലനിധിക്ക് 40 ശതമാനം തുകയേ കിട്ടൂ. 'ജലനിധി'യെ പഞ്ചായത്തുകളുടെ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ ജലവിഭവ വകുപ്പിന് വിയോജിപ്പുണ്ട്.
പദ്ധതിക്ക് മൂന്നുഘട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ 40 ശതമാനം തുക പഞ്ചായത്തുകള്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാം. 40 ശതമാനം ജലനിധിയിലൂടെ നടപ്പാക്കുന്ന ജലവിതരണ പദ്ധതികള്‍ക്കായിരിക്കും. 20 ശതമാനം പഞ്ചായത്തുകളുടെ സേവനമേഖലയുടെ ശാക്തീകരണത്തിനുള്ള പദ്ധതികള്‍ക്കും വിനിയോഗിക്കാം. 'ജലനിധി' പദ്ധതിയെക്കൂടി ഇതില്‍ സംയോജിപ്പിക്കുന്നുണ്ടെങ്കിലും ജലനിധിയുടെ സംവിധാനത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്ന് ഗീതാസേഥി പറഞ്ഞു. വായ്‌പ സംബന്ധിച്ച് പ്രത്യേക നിബന്ധനകള്‍ വയ്‌ക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.
ലോകബാങ്ക് വായ്‌പയെച്ചൊല്ലി തദ്ദേശ സ്വയംഭരണ വകുപ്പും ജലവിഭവവകുപ്പും തര്‍ക്കത്തിലായിരുന്നു. ജലവിഭവ വകുപ്പിന്റെ പദ്ധതി അവരുടെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതിയുമായി കൂട്ടിച്ചേര്‍ത്തെന്നായിരുന്നു ആരോപണം.
ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം 400 പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ 1200 കോടിരൂപയുടെ വായ്‌പയ്‌ക്കാണ് ലോകബാങ്കിനെ സമീപിച്ചത്. പഞ്ചായത്തുകളുടെ ശാക്‌തീകരണത്തിനായി 600 കോടി രൂപയുടെ വായ്‌പയ്‌ക്ക് തദ്ദേശ സ്വയംഭരണ വകുപ്പും അപേക്ഷിച്ചിരുന്നു.
ഇരുപദ്ധതികളും സംയോജിപ്പിച്ചാല്‍ ജലനിധിയുടെ രണ്ടാംഘട്ടം നടപ്പാക്കേണ്ട ചുമതല പൂര്‍ണമായും പഞ്ചായത്തുകള്‍ക്കാവുമെന്നാണ് ജലവിഭവവകുപ്പിന്റെ പരാതി.
വായ്‌പ സംബന്ധിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ശനിയാഴ്‌ച സമാപിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ വായ്‌പ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. ആറുമാസത്തിനുള്ളില്‍ കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്‌ഥ തല ചര്‍ച്ചയില്‍ ധാരണയായെങ്കിലും വായ്‌പയെടുക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്.












Click it and Unblock the Notifications