കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയെ മാറ്റില്ലെന്ന്‌ ബിജെപി നേതൃത്വം

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ ബിഎസ്‌ യെദ്യൂരപ്പയെ മാറ്റില്ലെന്ന്‌ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന്‌ ഉറപ്പു ലഭിച്ചെന്ന്‌ ഔദ്യോഗികപക്ഷവും പ്രശ്‌നം അവസാനിച്ചില്ലെന്ന നിലപാടില്‍ വിമതരും ഉറച്ചു നിന്നതോടെ കര്‍ണാടകയിലെ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

പ്രതിപക്ഷ നേതാവ്‌ എല്‍.കെ. അദ്വാനി, പാര്‍ട്ടിയധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്‌, സുഷമ സ്വരാജ്‌ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു വിമതര്‍ക്കെതിരേ കര്‍ശന നിലപാടു പ്രഖ്യാപിച്ചത്‌. അതേ സമയം, വിമത നീക്കത്തിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിമാരായ ബെല്ലാരി സഹോദരന്‍മാര്‍ ജനാര്‍ദന്‍ റെഡ്ഡിയും കരുണാകര്‍ റെഡ്ഡിയും പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്‌ച ദില്ലിയിലെത്തിയേക്കും. യെദ്യൂരപ്പ ബുധനാഴ്‌ച എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി യെദ്യൂരപ്പയെ അനുകൂലിക്കുന്ന ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ, നിയമമന്ത്രി സുരേഷ്‌കുമാര്‍, മുന്‍ കേന്ദ്രമന്ത്രി ധനഞ്‌ജയ്‌ കുമാര്‍ എന്നിവര്‍ക്കാണ്‌ നേതൃമാറ്റമുണ്ടാവില്ലെന്നു കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയത്‌.

നേതൃത്വം ഒപ്പമെന്നുറപ്പിച്ചതോടെ, വിമതര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യെദ്യൂരപ്പ രംഗത്തെത്തിയിട്ടുണ്ട്‌. വിമതര്‍ക്ക്‌ പ്രളയബാധിതരുടെ പുനരധിവാസമല്ല, മുഖ്യമന്ത്രിക്കസേരയാണ്‌ പ്രശ്‌നമെന്ന്‌ അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ ചിലര്‍ക്കു രാഷ്ട്രീയവും വ്യക്തിപരവുമായ താത്‌പര്യങ്ങളാണു വലിയകാര്യം. സംസ്ഥാന താത്‌പര്യങ്ങള്‍ അടിയറ വയ്‌ക്കാന്‍ ഞാന്‍ അനുവദിക്കില്ല. ബിജെപി കുടുംബത്തിലെ എല്ലാവരും ഈ പ്രതിസന്ധിയില്‍ ഒരുമിച്ചു നില്‍ക്കണം. കര്‍ണാടകയിലെ താരരാജാവ്‌ രാജ്‌കുമാറിന്റെ പ്രതിമ അനാവരണച്ചടങ്ങിലാണ്‌ യെദ്യൂയൂരപ്പ വിമതര്‍ക്കെതിരെ ആഞ്ഞടിച്ചത്‌.

ഇതിനിടെ അരുണ്‍ ജയ്‌റ്റ്‌ലിയെയും അനന്ത്‌ കുമാറിനെയും കണ്ടു വിമതനേതാക്കളായ കരുണാകര റെഡ്ഡിയും ജനാര്‍ദന റെഡ്ഡിയും ശ്രീരാമലുവും, സ്‌പീക്കര്‍ ജഗദീഷ്‌ ഷെട്ടാറെ മുഖ്യമന്ത്രിയാക്കുക എന്നതില്‍ക്കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന്‌ വ്യക്തമാക്കി. 117 അംഗ നിയമസഭാ കക്ഷിയില്‍ 60 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്നും കൂടുതല്‍ പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഇവരുടെ അവകാശവാദം. എംഎല്‍എമാരുടെ യോഗം വിളിച്ച്‌ യെദ്യൂയൂരപ്പ ഭൂരിപക്ഷം തെളിയിക്കണമെന്നാണു വിമതരുടെ ആവശ്യം.

ബിജെപിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലടിയ്‌ക്കുമ്പോള്‍ അത്‌ മുതലെടുക്കാന്‍ കന്നഡ രാഷ്ട്രീയത്തിലെ തന്ത്രജ്ഞന്‍ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്‌. വീണ്ടുമൊരു കിങ്‌മേക്കര്‍ പദവി ലക്ഷ്യമിട്ടാണ്‌ ജനതാദള്‍ സെക്യുലര്‍ അധ്യക്ഷന്‍ ദേവഗൗഡയുടെ നീക്കം. യെദ്യൂരപ്പയുമായി ഗൗഡ രഹസ്യ ചര്‍ച്ച നടത്തിയെന്ന്‌ വരെ റിപ്പോര്‍ട്ടുകളുണ്ട്‌. കര്‍ണാടക നിയമസഭയില്‍ ദളിന്‌ 27 അംഗങ്ങളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X