കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക പ്രതിസന്ധിയ്ക്ക് താത്കാലിക വിരാമം

Google Oneindia Malayalam News

ദില്ലി: കര്‍ണാടക സര്‍ക്കാരിന്റെ നിലനില്പിന് തന്നെ ഭീഷണിയായ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വിരാമം. ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗിക പക്ഷവും വിമതരും അംഗീകരിച്ചതോടെയാണ് രണ്ടാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരമായത്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും വിമതരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി സുഷമാ സ്വരാജ് ആണ് പ്രഖ്യാപിച്ചത്. ദേശീയ നേതാക്കളായ അനന്ത് കുമാര്‍, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സുഷമാ സ്വരാജിന്റെ വസതിയില്‍ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയിലാണ് അനുരഞ്ജന ഫോര്‍മുല ഉരുത്തിരിഞ്ഞത്. യെദ്യൂരപ്പയും വിമത നേതാവായ ജനാര്‍ദ്ദന്‍ റെഡ്ഡിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മന്ത്രിസഭയില്‍ ഇനി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുമെന്നും പ്രശ്‌ന പരിഹാരത്തിന് ഒത്ത് തീര്‍പ്പ് ഫോര്‍മുലകളൊന്നുമില്ലായിരുന്നുവെന്നും സുഷമാ സ്വരാജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാര്‍ട്ടിയുടേയും സംസ്ഥാനത്തിന്റേയും താല്‍പ്പര്യം മാനിച്ച് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യെദ്യൂരപ്പയ്ക്കും സുഷമാ സ്വരാജിനുമൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട വിമത നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി പറഞ്ഞു.

അതേ സമയം വ്യക്തമായ ഒത്ത് തീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വിമതര്‍ വഴങ്ങിയതെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍. മുഖ്യമന്ത്രിയെ മാറ്റാതെ യാതൊരുവിധ ഒത്ത് തീര്‍പ്പിനുമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന റെഡ്ഡി സഹോദരന്‍മാര്‍ അവസാനം തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് നേടിയെടുത്തതിന് ശേഷമാണ് പിന്‍വാങ്ങാന്‍ തയ്യാറായത്.

യെദ്യൂരപ്പ വിഭാഗത്തിലെ പ്രധാനിയായ ഗ്രാമ വികസന മന്ത്രിയും ശോഭ കരന്തലജെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ മാറ്റണമെന്നതയാരുന്നു വിമതരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ ബെല്ലാരിയിലെ സ്ഥലം മാറ്റിയ റവന്യൂ ഉദ്യോഗസ്ഥന്‍മാരെ തിരികെ നിയമിയ്ക്കുക, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തുക, സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലി മാറ്റുക, സംസ്ഥാന പാര്‍ട്ടി നേതൃത്വത്തില്‍ ഉടന്‍ അഴിച്ചുപണി നടത്തുക എന്നീ ആവശ്യങ്ങളും ഒത്ത് തീര്‍പ്പിനായി വിമതര്‍ ദേശീയ നേതൃത്വത്തിന്റെ മുന്നില്‍ വച്ചിരുന്നു.

ആവശ്യങ്ങളില്‍ ഏറെക്കുറെ എല്ലാം തന്നെ അംഗീകരിയ്ക്കാന്‍ ദേശീയ നേതാക്കള്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാറ്റിയിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ മന്ത്രി ശോഭ കരന്തലജെയുടെ മന്ത്രിക്കസേരയും തെറിയ്ക്കും. വിമതരുടെ ആവശ്യപ്രകാരം സുഷമാ സ്വരാജ്, കരുണാകര റെഡ്ഡി, യെദ്യൂരപ്പ എന്നിവരുള്‍പ്പെടുന്ന കോര്‍ കമ്മിറ്റിയെ കര്‍ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിയോഗിയ്ക്കാനും ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ കര്‍ണാടകത്തിലെ പാര്‍ട്ടി നേതൃത്വത്തില്‍ ഉടന്‍ അഴിച്ചുപണി വേണമെന്ന വിമതരുടെ ആവശ്യം ഉടന്‍ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X